മുംബൈ:  ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ശ്രേയസ് നായര്‍ ലഹരിമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നത് ഡാര്‍ക് വെബ് വഴിയെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി). ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ ഉപയോഗിച്ചായിരുന്നു ഇയാളുടെ ഇടപാടുകളെന്നും ഉന്നത ബന്ധങ്ങളുള്ള ലഹരിമരുന്ന് വിതരണക്കാരനാണ് ശ്രേയസ് നായരെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ കഴിഞ്ഞദിവസമാണ് ശ്രേയസ് നായരെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗോവന്‍ മലയാളിയാണെന്നും സൂചനകളുണ്ട്. 

Read Also: ആരാണ് അര്‍ബാസ് മര്‍ച്ചന്റും മുണ്‍മുണ്‍ ധമേച്ചയും? സുഹാന ഖാന്റെയും അടുത്ത സുഹൃത്ത്, ഫാഷന്‍ മോഡല്‍....

അതിനിടെ, ലഹരിമരുന്ന് ഉപയോഗിച്ചവര്‍ യാത്രയ്ക്കിടെ കോര്‍ഡെലിയ കപ്പലില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മാദാവസ്ഥയിലായ ഇവര്‍ കപ്പലിനുള്ളില്‍ ബഹളമുണ്ടാക്കുകയും അടിപിടിയുണ്ടായെന്നുമാണ് വിവരം. കപ്പലിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തതായും വിവരങ്ങളുണ്ട്. കഴിഞ്ഞദിവസം മുംബൈയില്‍ തിരിച്ചെത്തിയ കപ്പലില്‍ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. കപ്പലില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. 

സംഘാടകരും നിരീക്ഷണത്തില്‍...

കോര്‍ഡെലിയ ക്രൂയിസില്‍ പാര്‍ട്ടി സംഘടിപ്പിച്ചവരും എന്‍.സി.ബി.യുടെ നിരീക്ഷണവലയത്തില്‍. ഫാഷന്‍ ടി.വി. ഇന്ത്യ ഡല്‍ഹിയിലെ ഒരു സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് കപ്പലില്‍ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്. ഡി.ജെ, പൂള്‍ പാര്‍ട്ടി തുടങ്ങിയവയായിരുന്നു സംഘാടകര്‍ വാഗ്ദാനം ചെയ്തിരുന്നത്. ഈ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവരില്‍നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. 

Read Also: ആര്യന്‍ ഖാനും അര്‍ബാസ് മര്‍ച്ചന്റും മുണ്‍ മുണ്‍ ധമേച്ചയും ഒക്ടോബര്‍ 7 വരെ എന്‍സിബി കസ്റ്റഡിയില്‍....

പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ താന്‍ പണം മുടക്കിയിട്ടില്ലെന്നും പ്രത്യേക ക്ഷണിതാവായാണ് പാര്‍ട്ടിയില്‍ പങ്കെടുത്തതെന്നുമാണ് ആര്യന്‍ ഖാന്റെ മൊഴി. ഇതേത്തുടര്‍ന്ന് ആര്യനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി കപ്പലിന്റെ സി.ഇ.ഒ.യെ എന്‍.സി.ബി. സംഘം വീണ്ടും വിളിപ്പിക്കുകയും ചെയ്തു.  കപ്പലില്‍ യാത്രചെയ്തവരുടെ പേരുവിവരങ്ങള്‍, ഇവര്‍ തങ്ങിയ മുറികളുടെ വിവരങ്ങള്‍, മൊബൈല്‍ നമ്പറുകള്‍, മറ്റുവിവരങ്ങള്‍ തുടങ്ങിയ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

ചോദ്യംചെയ്യല്‍ തുടരുന്നു...

ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്. മുണ്‍മുണ്‍ ധമേച്ച എന്നിവരുടെ ചോദ്യംചെയ്യല്‍ ചൊവ്വാഴ്ചയും തുടരുകയാണ്. ഒക്ടോബര്‍ ഏഴ് വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി. ഇതിനകം പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍.സി.ബി. സംഘത്തിന്റെ ശ്രമം. 

Read Also: നാല് വര്‍ഷമായി ലഹരി ഉപയോഗിക്കുന്നു; ചോദ്യംചെയ്യലിനിടെ നിര്‍ത്താതെ കരഞ്ഞ് ആര്യന്‍ ഖാന്‍....

ആര്യന്‍ ഖാനില്‍നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍.സി.ബി. അന്വേഷണ ഉദ്യോഗസ്ഥന്‍ കഴിഞ്ഞദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരില്‍നിന്ന് ലഹരിമരുന്ന് കണ്ടെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു. ലഹരിമരുന്ന് ഇടപാട് സംബന്ധിച്ച ചാറ്റുകള്‍ ആര്യന്റെ ഫോണില്‍നിന്ന് കണ്ടെടുത്തതായും എന്‍.സി.ബി. ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചിരുന്നു. 

അതിനിടെ, ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ രണ്ടുപേര കൂടി ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. കപ്പലില്‍നിന്ന് ലഹരിമരുന്നുമായി പിടിയിലായ ഒരാളുടെയും മുംബൈയിലെ ലഹരിമരുന്ന് വിതരണക്കാരന്റെയും അറസ്റ്റാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. മുംബൈയിലെ ജോഗേശ്വരി മേഖലയില്‍നിന്നാണ് ലഹരിമരുന്ന് വിതരണക്കാരനെ പിടികൂടിയത്. ഇരുവരെയും ചൊവ്വാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കും.

Content Highlights: aryan khan in ncb custody mumbai cruise rave party drugs case