മുംബൈ: ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അടക്കം അഞ്ച് പ്രതികളുടെ ജാമ്യഹര്‍ജിയിലുള്ള വാദം ബുധനാഴ്ചയിലേക്ക് മാറ്റി. പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യോട് മറുപടി നല്‍കാന്‍ നിര്‍ദേശിച്ചാണ് കോടതി വാദം മാറ്റിവെച്ചത്. എന്‍.സി.ബി.യുടെ മറുപടി ബുധനാഴ്ച സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. 

തിങ്കളാഴ്ച രാവിലെയാണ് ആര്യന്‍ ഖാന്‍ അടക്കമുള്ളവരുടെ ജാമ്യഹര്‍ജികള്‍ മുംബൈയിലെ പ്രത്യേക കോടതി പരിഗണിച്ചത്. തന്റെ കക്ഷിയില്‍നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും ഇനി എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ വിടേണ്ടതില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞിട്ടുണ്ടെന്നും ആര്യന്‍ഖാന്റെ അഭിഭാഷകനായ അമിത് ദേശായി വാദിച്ചു. ആര്യനെതിരേ തെളിവുകളില്ലെന്നും കേസില്‍ കൂടുതല്‍പ്രതികളെ എന്‍.സി.ബി. അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവര്‍ക്കൊന്നും ആര്യനുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ കേസില്‍ അന്വേഷണം തുടരുകയാണെന്നും ആര്യനെ ജാമ്യത്തില്‍ വിട്ടാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും എന്‍.സി.ബിക്ക് വേണ്ടി ഹാജരായ എ.ചിമാല്‍ക്കറും അദ്വൈത് സേത്‌നയും കോടതിയെ അറിയിച്ചു. ലഹരിമരുന്ന് കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജാമ്യഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്നും അഭിഭാഷകര്‍ പറഞ്ഞു. തുടര്‍ന്നാണ് ജാമ്യഹര്‍ജിയിലെ വാദം ബുധനാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയാണെന്ന് പ്രത്യേക ജഡ്ജി വി.വി. പാട്ടീല്‍ വ്യക്തമാക്കിയത്. അന്നേദിവസം എന്‍.സി.ബി.യുടെ മറുപടി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

ആര്യന്‍ ഖാന് പുറമേ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച, മൊഹക് ജസ്വാല്‍, സതിജ തുടങ്ങിയ പ്രതികളും തിങ്കളാഴ്ച ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇവരെല്ലാം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെയാണ് എന്‍.സി.ബി. സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്. 

Content Highlights: aryan khan drugs case bail plea hearing posted to wednesday