മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെ ആത്മാര്‍ഥതയുള്ള ഉദ്യോഗസ്ഥനാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് ശത്രുക്കളുണ്ടാകുന്നതെന്നും സമീര്‍ വാംഖഡെയുടെ ഭാര്യയും നടിയുമായ ക്രാന്തി രേദ്കര്‍. സമീര്‍ വാംഖഡെയ്‌ക്കെതിരായ കൈക്കൂലി ആരോപണത്തില്‍ യാതൊരു തെളിവുമില്ലെന്നും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും ക്രാന്തി രേദ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

തന്റെ ഭര്‍ത്താവ് തെറ്റുകാരനല്ല. ഇതൊന്നും തങ്ങള്‍ പൊറുക്കുകയുമില്ല. സമീര്‍ വാംഖഡെയെ എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുകയാണെങ്കില്‍ പലര്‍ക്കും പ്രയോജനമുണ്ടാകും. അതിനുവേണ്ടിയാണ് ഈ ആരോപണങ്ങളെന്നും ക്രാന്തി രേദ്കര്‍ പറഞ്ഞു. തനിക്കും കുടുംബാംഗങ്ങള്‍ക്കും വധഭീഷണി ഉള്‍പ്പെടെ ലഭിച്ചതോടെയാണ് പോലീസ് സംരക്ഷണം നല്‍കിയതെന്നും നടി പ്രതികരിച്ചു. 

കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് സമീര്‍ വാംഖഡെയെ ബുധനാഴ്ച ചോദ്യംചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന എന്‍.സി.ബി. ഉദ്യോഗസ്ഥരാകും സമീര്‍ വാംഖഡെയില്‍നിന്ന് മൊഴിയെടുക്കുക. തിങ്കളാഴ്ച വൈകിട്ട് മുംബൈയില്‍നിന്ന് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ മുതിര്‍ന്ന എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തിയതല്ലെന്നും മറ്റുചില ആവശ്യങ്ങള്‍ക്കായാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കഴിഞ്ഞദിവസം സമീര്‍ വാംഖഡെയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് എന്‍.സി.ബി. ഉത്തരവിട്ടിരുന്നു. എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും ചീഫ് വിജിലന്‍സ് ഓഫീസറുമായ ജ്ഞാനേശ്വര്‍ സിങ്ങാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. 

അതിനിടെ, സമീര്‍ വാംഖഡെ, കെ.പി. ഗോസാവി എന്നിവര്‍ക്കെതിരേ ഉന്നയിച്ച കൈക്കൂലി ആരോപണങ്ങള്‍ക്ക് തന്റെ കൈയില്‍ തെളിവുണ്ടെന്ന് കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ പറഞ്ഞു. കൈക്കൂലി ആരോപണം സമീര്‍ വാംഖഡെ ഉള്‍പ്പെടെയുള്ളവര്‍ നിഷേധിച്ചതോടെയാണ് തന്റെ കൈവശം വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രഭാകര്‍ സെയില്‍ അവകാശപ്പെട്ടിരിക്കുന്നത്. 

Content Highlights: aryan khan drug case sameer wankhede wife kranti redkar says about husband