മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ച് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി). കേസില്‍ നടി അനന്യ പാണ്ഡെയെ നാല് മണിക്കൂറോളം ചോദ്യംചെയ്തതിന് പിന്നാലെ ഷാരൂഖ് ഖാന്റെ മാനേജറായ പൂജ ദധ്‌ലാനിയെയും എന്‍.സി.ബി. ചോദ്യംചെയ്യാനായി വിളിച്ചുവരുത്തി. ശനിയാഴ്ച മുംബൈയിലെ എന്‍.സി.ബി. ഓഫീസിലെത്തിയ പൂജയില്‍നിന്ന് ആര്യന്‍ ഖാനെ സംബന്ധിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്യന്റെ ചികിത്സാരേഖകളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങളും ഹാജരാക്കാനും പൂജയോട് ആവശ്യപ്പെട്ടിരുന്നു. 

അതിനിടെ, കഴിഞ്ഞദിവസം നടി അനന്യ പാണ്ഡെയില്‍നിന്ന് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ വിശദമായ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. നാല് മണിക്കൂറോളമാണ് അനന്യയെ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തത്. നടിയുടെ ലാപ്ടോപ്പും മൊബൈല്‍ഫോണും പിടിച്ചെടുക്കുകയും ചെയ്തു. 

ആര്യനുമായി നടത്തിയ ചാറ്റുകളെ സംബന്ധിച്ചും അനന്യയില്‍നിന്ന് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കുറച്ച് കഞ്ചാവ് സംഘടിപ്പിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നായിരുന്നു ആര്യന്‍ അനന്യയോട് ചാറ്റിനിടെ ചോദിച്ചിരുന്നത്. താന്‍ സംഘടിപ്പിക്കാം എന്നായിരുന്നു നടിയുടെ മറുപടി. എന്നാല്‍ ഇതേക്കുറിച്ച് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ വെറും തമാശ മാത്രമാണെന്നായിരുന്നു അനന്യയുടെ മറുപടി. 

ആര്യന്‍ ഖാനൊപ്പം ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചുവെന്നും ആര്യന്‍ ഖാന്റെ സഹോദരി സുഹാനയുടെ അടുത്ത സുഹൃത്താണെന്നും അനന്യ പാണ്ഡെ പറഞ്ഞതായി എന്‍.സി.ബി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആര്യനും സുഹാനയും തന്റെ കുടുംബസുഹൃത്തുക്കളാണ്. അതില്‍ക്കവിഞ്ഞ് മയക്കുമരുന്നുമായി ബന്ധമില്ലെന്നും അനന്യ പാണ്ഡെ ചോദ്യംചെയ്യലില്‍ മറുപടി നല്‍കി. 

വ്യാഴം, വെള്ളി ദിവസങ്ങളിലാണ് അനന്യ പാണ്ഡെയെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തത്. തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. അനന്യയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. 

അതിനിടെ, വെള്ളിയാഴ്ചത്തെ ചോദ്യംചെയ്യലിന് വൈകിയെത്തിയ അനന്യയ്ക്ക് എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കെഡെ കര്‍ശനമായ താക്കീത് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സിനിമാ പ്രൊഡക്ഷന്‍ ഹൗസ് അല്ലെന്നും കേന്ദ്ര ഏജന്‍സിയുടെ ഓഫീസാണെന്നും സമീര്‍ വാങ്കെഡെ നടിയെ ഓര്‍മിപ്പിച്ചെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹാജരാകാന്‍ നിര്‍ദേശിച്ച സമയത്ത് ഓഫീസിലെത്തണമെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് നടിയോട് എന്‍.സി.ബി. ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മൂന്ന് മണിക്കൂറോളം വൈകി ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അനന്യ പാണ്ഡെ എന്‍.സി.ബി. ഓഫീസില്‍ ഹാജരായത്. ഇതാണ് സമീര്‍ വാങ്കെഡെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. 

Content Highlights: aryan khan drug case actress ananya panday sameer wankhede shah rukh khan manager pooja dadlani