മുംബൈ: അജ്ഞാതര്‍ പിന്തുടരുന്നുവെന്ന പരാതിക്ക് പിന്നാലെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) മുംബൈ സോണല്‍ ഓഫീസര്‍ സമീര്‍ വാങ്കെഡെയുടെ സുരക്ഷ വര്‍ധിപ്പിച്ചു. മുംബൈ പോലീസാണ് എന്‍.സി.ബി. ഉദ്യോഗസ്ഥന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.  

മുംബൈ പോലീസ് സമീര്‍ വാങ്കെഡെയുടെ അംഗരക്ഷകരുടെയും സായുധ സുരക്ഷാഭടന്മാരുടെയും എണ്ണം വര്‍ധിപ്പിച്ചതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ഇനിമുതല്‍ സമീര്‍ വാങ്കെഡെ തന്നെയാകും തന്റെ വാഹനം ഓടിക്കുക. മുംബൈയിലെ എന്‍.സി.ബി. ഓഫീസിന് മുന്നില്‍ കൂടുതല്‍ പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. 

തന്നെ ചിലര്‍ പിന്തുടരുന്നുണ്ടെന്നും തനിക്കും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ദിവസം മുമ്പാണ്  സമീര്‍ വാങ്കെഡെ ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഒഷിവാരയിലെ രണ്ട് പോലീസുകാരാണ് തന്നെ പിന്തുടുരുന്നതെന്നും അമ്മയുടെ ശവകുടീരം സന്ദര്‍ശിക്കാന്‍ പോയസമയത്തും ഇവര്‍ പിന്തുടര്‍ന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം, സമീര്‍ വാങ്കെഡെയെ നിരീക്ഷിക്കാനോ പിന്തുടരാനോ പോലീസിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വാല്‍സെ പാട്ടീലിന്റെ പ്രതികരണം. 

നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് സമീര്‍ വാങ്കെഡെയാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ എന്‍.സി.ബിക്കെതിരേ മഹാരാഷ്ട്രയിലെ മന്ത്രി നവാബ് മാലിക്ക് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പോലീസുകാരടക്കം തന്നെ പിന്തുടരുന്നതായി സമീര്‍ വാങ്കെഡെ പരാതി നല്‍കിയത്. 

ആരാണ് സമീര്‍ വാങ്കെഡെ.... 

കഴിഞ്ഞവര്‍ഷം നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് സമീര്‍ വാങ്കെഡെ എന്ന എന്‍.സി.ബി. ഉദ്യോഗസ്ഥന്‍ വാര്‍ത്തകളിലിടം നേടുന്നത്. നടി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച കേസില്‍ ഒട്ടേറെ പ്രമുഖരെയാണ് എന്‍.സി.ബി. സംഘം ചോദ്യംചെയ്തത്. മുംബൈ കേന്ദ്രീകരിച്ചുള്ള പല മയക്കുമരുന്ന് വില്‍പ്പനക്കാരും പിന്നീട് പിടിയിലാവുകയും ചെയ്തു. എന്‍.സി.ബി. മുംബൈ സോണല്‍ ഡയറക്ടാറയ സമീര്‍ വാങ്കെഡെയായിരുന്നു ഈ ഓപ്പറേഷനുകള്‍ക്കെല്ലാം നേതൃത്വം വഹിച്ചിരുന്നത്. 

2008 ബാച്ചിലെ ഐ.ആര്‍.എസ്. ഓഫീസറാണ് സമീര്‍ വാങ്കെഡെ. മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് ഓഫീസറായാണ് തുടക്കം. പിന്നീട് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഡെപ്യൂട്ടി കമ്മീഷണര്‍, എന്‍.ഐ.എ. അഡീഷണല്‍ എസ്.പി, ഡി.ആര്‍.ഐ. ജോയിന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചു. ഇതിനുശേഷമാണ് എന്‍.സി.ബി.യില്‍ എത്തുന്നത്.

കസ്റ്റംസ് ഓഫീസറായിരിക്കെ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ക്ക് യാതൊരു ഇളവും നല്‍കാത്ത ഉദ്യോഗസ്ഥനായിരുന്നു സമീര്‍ വാങ്കെഡെ. വിദേശരാജ്യങ്ങളില്‍നിന്ന് കൊണ്ടുവരുന്ന വസ്തുക്കള്‍ കൃത്യമായ നികുതി ഈടാക്കാതെ വിട്ടുനല്‍കിയിരുന്നില്ല.  2013-ല്‍ മുംബൈ വിമാനത്താവളത്തില്‍വെച്ച്  ഗായകന്‍ മിക സിങ്ങിനെ വിദേശകറന്‍സിയുമായി പിടികൂടിയത് സമീര്‍ വാങ്കെഡെയായിരുന്നു. 2011-ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സ്വര്‍ണക്കപ്പ് പോലും മുംബൈ വിമാനത്താവളത്തില്‍നിന്ന് വിട്ടുനല്‍കിയത് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനുശേഷമാണ്. മഹാരാഷ്ട്ര സര്‍വീസ് ടാക്സ് വിഭാഗത്തില്‍ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ നികുതി അടയ്ക്കാത്തതിന് രണ്ടായിരത്തിലേറെ പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിരുന്നു. 

എന്‍.സി.ബി.യില്‍ ചുമതലയേറ്റെടുത്ത ശേഷം ഏകദേശം 17000 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയാണ് സമീര്‍ വാങ്കെഡെയുടെ നേതൃത്വത്തില്‍ നടന്നത്. കേസുകളുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും വസതികളില്‍ സമീര്‍ വാങ്കെഡെ യാതൊരു മടിയും കൂടാതെ പരിശോധന നടത്തി. ഉന്നതരാണെങ്കിലും അദ്ദേഹം വിട്ടുവീഴ്ച കാണിച്ചില്ല. ഐ.ആര്‍.എസ്. ഓഫീസറായ സമീര്‍ വാങ്ക്‌ഡെയ്ക്ക് എന്‍.സി.ബി. മുംബൈ ഡയറക്ടര്‍ സ്ഥാനം ആറുമാസം കൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു. ഇതു രണ്ടാം തവണയാണ് കാലാവധി നീട്ടുന്നത്.

Content Highlights: aryan khan case security beefed up fpr sameer wankhede