മാനന്തവാടി : യൂസ്ഡ് കാർ ഷോറൂമിൽനിന്ന് മോഷ്ടിച്ച കാറുമായിപ്പോയ മോഷ്ടാക്കളെ മാനന്തവാടി പോലീസ് പിടികൂടി. മലപ്പുറം കാര്യവട്ടം തേലക്കാട് ‍ചെറങ്ങരക്കുന്ന് താളിയിൽ വീട്ടിൽ രത്നകുമാർ (42), കൊല്ലം കടക്കൽ കൈതോട് ചാലുവിള പുത്തൻവീട്ടിൽ അബ്ദുൽ കരീം (37) എന്നിവരാണ് കാറുമായി കടന്നുകളയാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായത്.

ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഇരുവരും ചേർന്ന് മാനന്തവാടി ചങ്ങാടക്കടവിലെ മലബാർ മോട്ടോഴ്‌സ് യൂസ്ഡ് കാർ ഷോറൂമിൽനിന്ന്‌ കാർ മോഷ്ടിച്ചത്.

കടയുടെ ചങ്ങലമുറിച്ച് അകത്തുകയറിയ മോഷ്ടാക്കൾ ഓഫീസ്‌മുറി കുത്തിത്തുറന്ന് താക്കോൽ കൈക്കലാക്കിയാണ് കാറുമായി കടന്നത്. കാർ കൊണ്ടുപോകുന്നതിനുള്ള സൗകര്യത്തിനായി ഷോറൂമിലുണ്ടായിരുന്ന മറ്റൊരു കാർ തള്ളിമാറ്റുകയുംചെയ്തു. ശബ്ദംകേട്ട് കെട്ടിട ഉടമ, സ്ഥാപന ഉടമകളായ അബൂബക്കർ, ജമാൽ എന്നിവരെ വിവരമറിയിച്ചു. ഇവർ രാത്രി സ്ഥലത്തെത്തി മോഷണം സ്ഥിരീകരിക്കുകയും പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഷോറൂമിലെ വാഹനങ്ങളിൽ ഇന്ധനം കുറവാണെന്ന് മനസ്സിലാക്കിയ പോലീസ് രാത്രി പ്രവർത്തിക്കുന്ന തോണിച്ചാലിലെ പെട്രോൾപമ്പിലെത്തി. പുലർച്ചെ മൂന്നരയോടെ കാറിൽ ഇന്ധനം നിറയ്ക്കാനായി ഇരുവരും എത്തിയപ്പോഴാണ് പിടികൂടിയത്. ഞായറാഴ്ച രാവിലെ വിരലടയാളവിദഗ്ധരെത്തി കാറിൽനിന്നും ഷോറൂമിൽനിന്നും വിരലടയാളം ശേഖരിച്ചു.

പരിചയം ബത്തേരിയിൽവെച്ച്; മുമ്പും കേസുകൾ

പിടിയിലായ അബ്ദുൽ കരീം 17 വർഷമായി വയനാട്ടിലാണ്‌ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പനമരം കേന്ദ്രീകരിച്ച് കൂലിപ്പണി, ആക്രി സാധനങ്ങൾ ശേഖരിക്കൽ തുടങ്ങിയവയാണ് ചെയ്തിരുന്നത്. മോഷണമടക്കമുള്ള കേസുകളിൽ നേരത്തേയും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

രത്നകുമാറിന്റെ പേരിൽ മലപ്പുറത്ത് കഞ്ചാവ് കേസുമുണ്ട്. സുൽത്താൻബത്തേരിയിൽ ഒരുമിച്ച് ജോലിചെയ്തപ്പോഴാണ് രത്നകുമാറും അബ്ദുൽകരീമും പരിചയപ്പെടുന്നത്. മോഷണം ആസൂത്രണം ചെയ്യാനായി കഴിഞ്ഞ ദിവസങ്ങളിൽ ഇവർ മാനന്തവാടിയിൽ എത്തുകയും മോഷണം നടത്തിയ ഷോറൂമിൽ അടക്കം കാർ വാടകയ്ക്ക് നൽകാമോ എന്ന് അന്വേഷിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം. അബ്ദുൾ കരീം, എസ്.ഐ.മാരായ ബിജു ആന്റണി, പി.പി. സക്കറിയ, എ.എസ്.ഐ.മാരായ കെ. സൈനുദ്ദീൻ, ഇ. നൗഷാദ്, സീനിയർ സി.പി.ഒ. അജിത്ത് കുമാർ, സി.പി.ഒ.മാരായ ഐ.എസ്. സുധീഷ്, വി.കെ. രഞ്ജിത്ത്, ജാസിം ഫൈസൽ, മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.