ശ്രീകൃഷ്ണപുരം: പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 44-കാരനെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. കുലിക്കിലിയാട് തൊണ്ടിയാം പാടത്ത് വീട്ടില്‍ ഷിജി ജോര്‍ജാണ് (44) അറസ്റ്റിലായത്.

ഏപ്രില്‍ 24നും അതിനുമുമ്പ് പല സമയങ്ങളിലായും കുട്ടിയെ ഷിജി ജോര്‍ജിന്റെ വീട്ടില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ശ്രീകൃഷ്ണപുരം പോലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു.

തുടര്‍ന്നാണ് ശ്രീകൃഷ്ണപുരം സി.ഐ. കെഎം. ബിനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷിജി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

14-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

കൊഴിഞ്ഞാമ്പാറ: പതിന്നാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. തമിഴ്‌നാട് തിരുപ്പൂര്‍ വീരപാണ്ടി സുണ്ടപ്പെട്ട കോളനി മാരിമുത്തുവിനെയാണ് (38) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. കൊഴിഞ്ഞാമ്പാറ സ്റ്റേഷന്‍ പരിധിയിലെ പതിന്നാലുകാരിയെ 2019 മുതല്‍ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പാലക്കാട് പോക്‌സോ സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

യുവതിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ശ്രമിച്ചയാള്‍ അറസ്റ്റില്‍

പൊള്ളാച്ചി: നാട്ടുകല്‍പാളയത്തില്‍വീട്ടില്‍ തനിച്ചിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കരാറുകാരനെ അറസ്റ്റ് ചെയ്തു. കാശിപട്ടണത്തില്‍ താമസിക്കുന്ന കാളിയപ്പനാണ് (45) അറസ്റ്റിലായത്.

കാളിയപ്പന്‍ സംഭവസ്ഥലത്ത് അഴുക്കുചാല്‍നിര്‍മാണ ജോലി കരാറെടുത്ത് ചെയ്തുവരികയായിരുന്നു. ആ ഭാഗത്തുണ്ടായിരുന്ന വിധവയായ 32 വയസ്സുകാരിയുടെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിക്കയായിരുന്നു. യുവതിയുടെ പരാതിയനുസരിച്ച് ഗോമംഗലം പോലീസ് കാളിയപ്പനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പൊള്ളാച്ചി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.