തൃശൂര്‍: ആഡംബര കാറുകള്‍ വാടകയ്‌ക്കെടുത്ത്‌ തമിഴ്നാട്ടിലേക്ക് കടത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പൈങ്ങോട് സ്വദേശി പയ്യാക്കല്‍ വീട്ടില്‍ സുജിത്തി (21)നെയാണ് ഇരിങ്ങാലക്കുട സി.ഐ. എം.കെ. സുരേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ നവംബറില്‍ വെള്ളാങ്ങല്ലൂര്‍ സ്വദേശി തമീമുദാരിയുടെ കാര്‍ വിവാഹാവശ്യത്തിനെന്ന പേരില്‍ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിലേയ്ക്ക് കടത്തി പ്രതി പണം തട്ടുകയായിരുന്നു. വാടകയ്ക്കെടുക്കുന്ന വാഹനങ്ങള്‍ പുതുക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങള്‍ക്ക് ആദ്യം സംഘം പണയം വെയ്കും. പിന്നീട് വാഹനങ്ങള്‍ മടക്കി ലഭിക്കാന്‍ ഉടമയില്‍നിന്ന് വന്‍ തുകകള്‍ ആവശ്യപ്പെടുകയും അല്ലാത്തപക്ഷം തമിഴ്നാട്ടില്‍ പോയി പൊളിച്ച് വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. 

arrest
പ്രതീകാത്മക ചിത്രം

ഈ കേസില്‍ മറ്റൊരു പ്രതിയായ കൈതവളപ്പില്‍ വീട്ടില്‍ ഉല്ലാസിനെ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയിരുന്നു.

സമാനരീതിയില്‍ വാഹനങ്ങള്‍ തട്ടിയെടുത്ത പത്തോളം കേസുകളും വധശ്രമങ്ങളും ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. വാഹനങ്ങള്‍ തട്ടിയെടുത്ത് അയല്‍സംസ്ഥാനത്തേയ്ക്ക് കടത്തുന്ന സംഘങ്ങളെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 

അടുത്തിടെ അയല്‍സംസ്ഥാനത്തേക്ക് കടത്തിയ പത്തിലധികം വാഹനങ്ങള്‍ പോലീസ് കണ്ടെടുത്ത് ഉടമകള്‍ക്ക് കൈമാറി. അന്വേഷണസംഘത്തില്‍ ഇരിങ്ങാലക്കുട എസ്.ഐ. കെ.എസ്. സുശാന്ത്, സിനീയര്‍ സി.പി.ഒ.മാരായ മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, എം.കെ. ഗോപി, സി.പി.ഒ.മാരായ പി.കെ. മനോജ്, എ.കെ. മനോജ്, ഇ.എസ്. ജീവന്‍, കെ.ഡി. രമേഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.