ന്യൂഡല്‍ഹി: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സൈന്യത്തിലെ മേജര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. ഡല്‍ഹി കന്റോണ്‍മെന്റില്‍ താമസിക്കുന്ന മേജര്‍ ഗൗരവിനെതിരെയാണ് വീട്ടുജോലിക്കാരിയുടെ പരാതിയില്‍ കേസെടുത്തത്. ഇതിനുപുറമേ, തന്റെ ഭര്‍ത്താവിന്റെ മരണം കൊലപാതകമാണെന്നും, അതിനുപിന്നില്‍ മേജര്‍ ഗൗരവാണെന്നും സ്ത്രീ ആരോപണമുന്നയിച്ചിട്ടുണ്ട്. സംഭവത്തില്‍ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ ഡല്‍ഹി പോലീസ് ഞായറാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ജൂലായ് 12ന് രാത്രി പത്ത് മണിയോടെ മേജറുടെ വീട്ടില്‍വച്ച് പീഡിപ്പിച്ചെന്നാണ് സ്ത്രീയുടെ പരാതി.മേജര്‍ ഗൗരവിന്റെ വീട്ടുവളപ്പിലെ ക്വാര്‍ട്ടേഴ്‌സിലാണ് ജോലിക്കാരിയും ഭര്‍ത്താവും രണ്ട് വയസുള്ള മകനും താമസിച്ചിരുന്നത്. സംഭവദിവസം രാത്രി വീട്ടുജോലിക്കാരിയും ഭര്‍ത്താവും മേജറുടെ വീട് വൃത്തിയാക്കാനെത്തിയിരുന്നു. ഈസമയം സ്ത്രീയുടെ ഭര്‍ത്താവിനെ മേജര്‍ പുറത്തേക്ക് പറഞ്ഞയച്ചു. തുടര്‍ന്ന് സ്ത്രീയോട് കിടപ്പുമുറിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുജോലിക്കാരി ഇതിനെ എതിര്‍ത്തെങ്കിലും മര്‍ദ്ദിച്ച് വലിച്ചിഴച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഇതിനിടെ പുറത്തുപോയ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തി. ഭാര്യയെ പീഡിപ്പിക്കുന്നത് കണ്ട് ഇയാള്‍ എതിര്‍ക്കുകയും മേജറുമായി തര്‍ക്കമുണ്ടാവുകയും ചെയ്തു. ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മേജര്‍ അത് നടപ്പിലാക്കിയെന്നും എന്നാല്‍ ഭര്‍ത്താവിന്റെ മരണം ആത്മഹത്യയാണെന്നാണ് അദ്ദേഹം പോലീസിനോട് പറഞ്ഞതെന്നും വീട്ടുജോലിക്കാരി നല്‍കിയ പരാതിയിലുണ്ട്. തന്നെ പീഡനത്തിനിരയാക്കിയ മേജറാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും ഇവര്‍ മൊഴി നല്‍കി.
അതേസമയം, പീഡിപ്പിച്ചെന്ന പരാതിയില്‍ മേജര്‍ ഗൗരവിനെതിരെ പോലീസ് കേസെടുത്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. മൂന്ന് മാസം മുമ്പാണ് പീഡനത്തിനിരയായ സ്ത്രീയും ഭര്‍ത്താവും മേജറുടെ വീട്ടില്‍ ജോലിക്കെത്തിയത്.