ധര്‍മ്മശാല: സഹപ്രവര്‍ത്തകരായ രണ്ടുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. 18 സിഖ് റെജിമെന്റിലെ സൈനികനായ പഞ്ചാബ് സ്വദേശി ജസ്വീര്‍ സിങാണ് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഹവില്‍ദാര്‍ ഹര്‍ദീപ് സിങ്, നായിക് ഹര്‍പാല്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. 

തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെ ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല മിലിട്ടറി സ്റ്റേഷനിലായിരുന്നു ദാരുണമായ സംഭവം. ഗാര്‍ഡ് ഡ്യൂട്ടിയിലായിരുന്ന ജസ്വീര്‍ സിങും കൊല്ലപ്പെട്ടവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ജസ്വീര്‍ സിങ് കൈയിലുണ്ടായിരുന്ന ഇന്‍സാസ് തോക്ക് ഉപയോഗിച്ച് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ ജസ്വീര്‍ സിങും സ്വയം നിറയൊഴിച്ചു ജീവനൊടുക്കുകയായിരുന്നു. 

പഞ്ചാബ് സ്വദേശിയായ ജസ്വീര്‍ സിങ് ഒന്നരവര്‍ഷം മുമ്പാണ് സൈന്യത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. കൊല്ലപ്പെട്ട ഹര്‍ദീപ് സിങും ഹര്‍പാല്‍ സിങും യഥാക്രമം 23-ഉം 18-ഉം വര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ടിക്കുന്നവരാണ്. 

മിലിട്ടറി സ്റ്റേഷനിലെ കൊലപാതകത്തില്‍ മിലിട്ടറി ഇന്റലിജന്‍സും കന്‍ഗ്ര പോലീസും അന്വേഷണം നടത്തുന്നുണ്ട്. ധര്‍മശാല റീജണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഫോറന്‍സിക് ഉദ്യോഗസ്ഥരും പോലീസ് അഡീഷണല്‍ സൂപ്രണ്ട് ബദ്രി സിങും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.