വഡോദര: അന്താരാഷ്ട്ര ബന്ധമുള്ള അശ്ലീല ചാറ്റിങ് റാക്കറ്റ് നടത്തിപ്പുകാരൻ ഗുജറാത്തിൽ പിടിയിൽ. വഡോദരയിലെ അകോട്ട മേഖലയിൽ ആർക്കിടെക്ടായി ജോലിചെയ്യുന്ന ആഗ്ര സ്വദേശി നീലേഷ് ഗുപ്തയെ(44)യാണ് ഗുജറാത്ത് പോലീസ് പിടികൂടിയത്. ആർക്കിടെക്ട് സ്ഥാപനത്തിന്റെ മറവിലാണ് ഇയാൾ ഓൺലൈൻ സെക്സ് റാക്കറ്റ് നടത്തിയിരുന്നതെന്നും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ സമ്പാദിച്ചതെന്നും പോലീസ് പറഞ്ഞു.

പ്രമുഖരും ഉന്നതരും താമസിക്കുന്ന മേഖലയിലാണ് നീലേഷിന്റെ റായ് ഡിസൈൻ വേൾഡ് എന്ന ആർക്കിടെക്ട് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. സ്ഥാപനം കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. തുടർന്ന് ദിവസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് പോലീസ് നീലേഷിനെ പിടികൂടിയത്.

സ്ത്രീകളുമായുള്ള അശ്ലീല വീഡിയോ ചാറ്റിങ് സംഘടിപ്പിച്ചും അശ്ലീല വീഡിയോകൾ നിർമിച്ചുമാണ് ഇയാൾ പണം സമ്പാദിച്ചിരുന്നത്. യൂറോപ്പ് കേന്ദ്രീകരിച്ചുള്ള അശ്ലീല വെബ്സൈറ്റിനായിരുന്നു ഈ വീഡിയോകൾ കൈമാറിയിരുന്നത്. വീഡിയോ ചാറ്റിങ്ങിനും ഇതേ വെബ്സൈറ്റ് വഴി സൗകര്യമൊരുക്കിയിരുന്നു. ബിറ്റ്കോയിൻ വഴിയായിരുന്നു ഇടപാടുകൾ. ഏകദേശം 30-ഓളം ബിറ്റ്കോയിൻ വിലാസങ്ങളും വാലറ്റുകളുമാണ് പ്രതിയിൽനിന്ന് പോലീസ് കണ്ടെടുത്തത്.

ആർക്കിടെക്ട് സ്ഥാപനത്തിലേക്ക് ജോലിക്കെടുക്കുന്ന യുവതികളെയാണ് അശ്ലീല വീഡിയോ ചാറ്റിങ്ങിനായി ദുരുപയോഗം ചെയ്തിരുന്നത്. ചില പുരുഷന്മാരുമായി വീഡിയോ ചാറ്റ് ചെയ്യേണ്ടിവരുമെന്ന് അഭിമുഖ സമയത്ത് തന്നെ സൂചന നൽകും. പിന്നീട് ഇത് അശ്ലീല വീഡിയോ ചാറ്റിങ്ങിലേക്ക് വഴിമാറും. ഇത്തരത്തിൽ വഡോദര, സൂറത്ത്, മഹാരാഷ്ട്ര. ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള നിരവധി യുവതികളെ ഇയാൾ ചൂഷണത്തിന് വിധേയമാക്കിയതായാണ് റിപ്പോർട്ട്.

പ്രതിയുടെ സ്ഥാപനത്തിൽനിന്ന് 19 യുവതികളുടെ പാസ്പോർട്ടുകളും 40 യുവതികളുടെ ബയോഡാറ്റകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമേ സെക്സ് ടോയ്സും 11 ലാപ്ടോപ്പുകളും രണ്ട് വെബ് ക്യാമറകളും രണ്ട് ടി.വികളും അശ്ലീല വീഡിയോകൾ സൂക്ഷിച്ച ഹാർഡ് ഡിസ്ക്കുകളും പോലീസ് ഇവിടെനിന്ന് പിടിച്ചെടുത്തു. നീലേഷ് ഗുപ്തയുടെ മൊബൈൽ ഫോണും കാറും പോലീസിന്റെ കസ്റ്റഡിയിലാണ്.

2019 ഏപ്രിൽ മുതൽ അശ്ലീല ചാറ്റിങ് നടത്തിവരുന്നതായാണ് പ്രതി പോലീസിന് നൽകിയ മൊഴി. ആർക്കിടെക്ടാണെങ്കിലും അശ്ലീല വീഡിയോകളിലൂടെ ലക്ഷങ്ങൾ ലഭിച്ചപ്പോൾ ഇത് തുടരുകയാണ് ചെയ്തതെന്നും പ്രതി പോലീസിനോട് പറഞ്ഞു. നേരത്തെ മറ്റുചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു യുവതികളെ ദുരുപയോഗം ചെയ്തിരുന്നത്. പിന്നീട് വഡോദരയിലേക്ക് താമസം മാറുകയായിരുന്നു. ആദ്യഭാര്യയിൽനിന്ന് വിവാഹമോചനം നേടിയ നീലേഷ് ഗുപ്ത 2012-ൽ ഒരു റഷ്യൻ യുവതിയെയാണ് വിവാഹം കഴിച്ചിരുന്നത്. ഏതാനും വർഷങ്ങളായി റഷ്യൻ സ്വദേശിയായ ഭാര്യയ്ക്കൊപ്പം വഡോദരയിലായിരുന്നു താമസം. എന്നാൽ 2019 അവസാനത്തോടെ റഷ്യയിലേക്ക് മടങ്ങിയ ഭാര്യ ലോക്ക്ഡൗൺ കാരണം തിരിച്ചെത്തിയില്ല.

നീലേഷിനൊപ്പം അമി പർമാർ എന്നയാളും ഈ റാക്കറ്റിൽ പങ്കാളിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. യുവതികളെ എത്തിക്കുന്നതും അശ്ലീല ചാറ്റിങ്ങിന് പരിശീലനം നൽകുന്നതും ഇയാളായിരുന്നു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights:architect arrested in gujarat for running online sex video chatting racket