ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകൾ ഹർഷിതയിൽനിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ പണം അപഹരിച്ച മൂന്നുപേർ അറസ്റ്റിൽ. സാജിദ്, കപിൽ, മാനവേന്ദ്ര എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ വിപണന വെബ്സൈറ്റിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച തട്ടിപ്പ് സംഘത്തിലെ പ്രധാനി ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഫെബ്രുവരി ഏഴാം തീയതിയാണ് ഓൺലൈൻ തട്ടിപ്പിലൂടെ ഹർഷിതയ്ക്ക് 34,000 രൂപ നഷ്ടമായത്. ഒ.എൽ.എക്സ് വെബ്സൈറ്റിൽ സെക്കൻഡ് ഹാൻഡ് സോഫ വിൽക്കാൻ ശ്രമിച്ചപ്പോഴായിരുന്നു തട്ടിപ്പ് നടന്നത്.

സോഫ വാങ്ങാനെന്ന പേരിൽ ബന്ധപ്പെട്ടയാൾ വില പറഞ്ഞുറപ്പിച്ച ശേഷം ചെറിയൊരു തുക ഹർഷിതയുടെ അക്കൗണ്ടിലേക്ക് കൈമാറി. പിന്നാലെ ഒരു ബാർ കോഡ് സ്കാൻ ചെയ്യാൻ അയച്ചുനൽകി. ഇതോടെയാണ് ഹർഷിതയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടത്. ആദ്യം 20,000 രൂപയും പിന്നാലെ 14,000 രൂപയുമാണ് തട്ടിപ്പുകാർ അപഹരിച്ചത്. സംഭവത്തിൽ ഡൽഹി സിവിൽ ലൈൻസ് പോലീസ് വഞ്ചനാക്കുറ്റമടക്കം ചുമത്തി കേസെടുത്തിരുന്നു.

Content Highlights:aravind kejriwals daughter cheated in online fraud three arrested