പത്തനംതിട്ട: ആറന്മുളയില്‍ അമ്മയുടെ ഒത്താശയോടെ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍. കുട്ടിയെ പീഡനത്തിനിരയാക്കിയ കായംകുളം സ്വദേശി ഷിബിന്‍, കടയ്ക്കാവൂര്‍ സ്വദേശി മുഹമ്മദ് ഷിറാസ് എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. കേസില്‍ കുട്ടിയുടെ അമ്മയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കിടങ്ങന്നൂര്‍ സ്വദേശിനിയായ യുവതിയാണ് മകളെ പീഡിപ്പിക്കാന്‍ ഒത്താശചെയ്തതിന് അറസ്റ്റിലായത്. 

കുട്ടിയുടെ അമ്മയും കായംകുളം സ്വദേശിയായ ഷിബിനും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു. ഈ പരിചയത്തിന്റെ പേരില്‍ ഷിബിന്‍ ഇടയ്ക്കിടെ ആറന്മുളയിലെ യുവതിയുടെ വീട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് ഇവരുടെ 13 വയസ്സുള്ള പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ഇതിന് ഒത്താശചെയ്ത് കൊടുക്കുകയും ചെയ്തു. 

കഴിഞ്ഞ ബുധനാഴ്ച ഷിബിന്‍ ആറന്മുളയിലെത്തി പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി. വിവാഹത്തിന് മുമ്പ് തന്റെ മാതാവിനെ കാണാനെന്ന് പറഞ്ഞാണ് ഷിബിന്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. കുട്ടിയുടെ അമ്മയാണ് ഇവരെ യാത്രയാക്കിയത്. എന്നാല്‍ പെണ്‍കുട്ടിയുമായി ഇയാള്‍ കടയ്ക്കാവൂരിലെ സുഹൃത്തായ ഷിറാസിന്റെ വീട്ടിലേക്കാണ് പോയത്. ശാരീരികപ്രയാസങ്ങള്‍ക്ക് ഡോക്ടറെ കാണിക്കാനെന്ന വ്യാജേനയൊണ് പെണ്‍കുട്ടിയെ ഇവിടെയെത്തിച്ചത്. തുടര്‍ന്ന് ഷിറാസും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേദിവസം ഷിബിന്‍ പെണ്‍കുട്ടിയെ ആറന്മുളയില്‍ തിരികെ എത്തിക്കുകയും ചെയ്തു. 

കുട്ടിയെ കാണാനില്ലെന്ന രണ്ടാനച്ഛന്റെ പരാതിയിലാണ് സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തിരിച്ചെത്തിയെന്നറിഞ്ഞതോടെ കുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. ഇതിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഷിബിന്‍ നേരത്തെയും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. 

കേസില്‍ ഷിബിന്‍ ഒന്നാംപ്രതിയും പെണ്‍കുട്ടിയുടെ അമ്മ രണ്ടാംപ്രതിയുമാണ്. മുഹമ്മദ് ഷിറാസാണ് മൂന്നാംപ്രതി. കായംകുളം സ്വദേശിയായ ഷിബിന്‍ നേരത്തെ പലപെണ്‍കുട്ടിളെയും ഷിറാസിന് എത്തിച്ചുനല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ആറന്മുള സി.ഐ. പി.എം. ലിബിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

Content Highlights: aranmula minor girl rape case two accused arrested