മുംബൈ: മുകേഷ് അംബാനിയുടെ വസതിയായ 'ആന്റില'യ്ക്ക് മുന്നിൽ സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച കേസുമായി ബന്ധപ്പെട്ട മുൻ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മുംബൈ പോലീസിലെ ഏറ്റമുട്ടൽ വിദഗ്ധനായിരുന്ന പ്രദീപ് ശർമയെയാണ് എൻ.ഐ.എ. വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

കേസിൽ നേരത്തെ അറസ്റ്റിലായ സന്തോഷ് ഷേലാറും പ്രദീപ് ശർമയും തമ്മിൽ ബന്ധങ്ങളുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് എൻ.ഐ.എ. സംഘം വ്യാഴാഴ്ച പുലർച്ചെ പ്രദീപ് ശർമയുടെ അന്ധേരിയിലെ വീട്ടിൽ റെയ്‌ഡ് നടത്തിയത്. പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ച റെയ്‌ഡ് ആറു മണിക്കൂറോളം നീണ്ടു. ഇതിനു ശേഷം പ്രദീപ് ശർമയെ ചോദ്യംചെയ്യാനായി എൻ.ഐ.എ. ഓഫീസിലേക്ക് കൊണ്ടുപോവുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

അതേസമയം, താനും സന്തോഷ് ഷേലാറും തമ്മിലുള്ള ഫോട്ടോകൾ പുറത്തുവന്നതിൽ അസ്വാഭാവികതയില്ലെന്നാണ് പ്രദീപ് ശർമയുടെ വിശദീകരണം. സന്തോഷ് പോലീസിന്റെ വിവരദായകനായിരുന്നുവെന്നും ഇയാളുമൊത്തുള്ള ഫോട്ടോകൾക്ക് മറ്റ് അർഥങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച കേസിലും മൻസുഖ് ഹിരൻ മരണപ്പെട്ട കേസിലും മുഖ്യപ്രതിയായ സച്ചിൻ വാസെയുമായും പ്രദീപ് ശർമ്മയ്ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. മുംബൈ പോലീസിൽ സച്ചിൻ വാസെയുടെ മാർഗദർശിയായാണ് പ്രദീപ് ശർമ അറിയപ്പെട്ടിരുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രദീപ് ശർമയെ ഏപ്രിലിലും എൻ.ഐ.എ. ചോദ്യംചെയ്തിരുന്നു.

Content Highlights:antilla bomb scare case pradeep sharma arrested by nia