മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ വെച്ച സംഭവത്തിലെ സാക്ഷികളില്‍ ചിലര്‍ ഭീഷണികാരണം മൊഴിനല്‍കാന്‍ മടിച്ചതായി അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കോടതിയെ അറിയിച്ചു.

സ്‌ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരേനിനെ കൊല്ലുന്നതിന് പ്രതികളിലൊരാള്‍ 45 ലക്ഷം രൂപ നല്‍കിയതായും എന്‍.ഐ.എ. വെളിപ്പെടുത്തി.

ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് 30 ദിവസംകൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് അന്വേഷണത്തിലെ കണ്ടെത്തലുകളില്‍ ചിലത് എന്‍.ഐ.എ. വെളിപ്പെടുത്തിയത്. മുംബൈ നഗരത്തിലും സംസ്ഥാനത്തുടനീളവും ഭീതിവിതയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ബോംബുഭീഷണി ആസൂത്രണം ചെയ്തത്. ഒരു പ്രമുഖ കുടുംബത്തെ ഈ ഭീഷണി ശരിക്കും ഉലച്ചു. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ഒരു വിദേശയാത്ര മാറ്റിവെക്കാന്‍പോലും അവര്‍ നിര്‍ബന്ധിതരായി- ആരുടെയും പേരെടുത്തുപറയാതെ എന്‍.ഐ.എ. കോടതിയെ അറിയിച്ചു.

കേസിലെ പ്രതികള്‍ തികച്ചും അപകടകാരികളാണെന്ന് എന്‍.ഐ.എ. യുടെ അഭിഭാഷകന്‍ സുനില്‍ ഗൊണ്‍സാല്‍വസ് പറഞ്ഞു. പ്രതികളില്‍നിന്നുള്ള ഭീഷണി കാരണം നാലഞ്ച് സാക്ഷികള്‍ മൊഴിനല്‍കാന്‍ വിസമ്മതിച്ചു. ഏറ്റവും ദുര്‍ബലമായ കണ്ണിയായതുകൊണ്ടാണ് വാഹന ഉടമ മന്‍സുഖ് ഹിരേനിനെ വകവരുത്താന്‍ പ്രതികള്‍ തീരുമാനിച്ചത്. പ്രതികളിലൊരാള്‍ വാടകക്കൊലയാളികള്‍ക്ക് 45 ലക്ഷംരൂപ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള പണം നല്‍കിയത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്. സങ്കീര്‍ണമായ കേസില്‍ തെളിവുശേഖരിക്കുന്നതിന് കൂടുതല്‍സമയം ആവശ്യമാണെന്നാണ് പ്രത്യേക കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

ഈവര്‍ഷം ഫെബ്രുവരി എട്ടിനാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്കു മുന്നില്‍ സ്‌ഫോടകവസ്തുക്കളുമായി വാഹനം കണ്ടെത്തിയത്. വാഹന ഉടമയായ മന്‍സുഖ് ഹിരേനിന്റെ മൃതദേഹം മാര്‍ച്ച് അഞ്ചിന് കല്‍വ കടലിടുക്കില്‍ കണ്ടെത്തി.

രണ്ടു കേസുകളുടെയും അന്വേഷണച്ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസേയെ മാര്‍ച്ച് 13-ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റുചെയ്തു. വാസേക്കുപുറമേ, മഹാരാഷ്ട്ര പോലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ എന്നറിയപ്പെട്ടിരുന്ന പ്രദീപ് ശര്‍മയെയും കേസില്‍ അറസ്റ്റുചെയ്തിട്ടുണ്ട്. പ്രദീപ് ശര്‍മയുടെ സന്നദ്ധസംഘടനയുടെ ഓഫീസില്‍നിന്നും പല ക്രമക്കേടുകളെപ്പറ്റിയും സൂചന കിട്ടിയിട്ടുണ്ടെന്നും ഇതിനെപ്പറ്റിയും അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍.ഐ.എ. പറയുന്നു.