ഏറ്റുമാനൂര്‍ : കുറുവസംഘത്തിന്റെ മറവില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. പ്രായമായവരും ഒറ്റയ്ക്ക് താമസിക്കുന്നവരും ഉള്ള വീടുകളില്‍ രാത്രികാലങ്ങളില്‍ കസേരകളും മറ്റും എറിഞ്ഞ് ബഹളമുണ്ടാക്കുകയും വീട്ടുകാര്‍ ഉണരുമ്പോള്‍ സ്ഥലംവിടുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്.

അതിരമ്പുഴയിലെ വീടുകളില്‍ പതിപ്പിച്ചിരുന്ന പോലെ സമാനമായ രീതിയിലുള്ള അടയാളങ്ങള്‍ മൂന്നു വീടുകളില്‍ കഴിഞ്ഞ ദിവസം പതിപ്പിച്ചിരുന്നു. പ്രാവട്ടത്തിന് സമീപമുള്ള വീടുകളിലാണിത്. മൂന്നാം വാര്‍ഡില്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ പുതിയ കോടാലിയും കണ്ടെത്തിയിരുന്നു. കഞ്ചാവ് മാഫിയയുടെ ശല്യമുള്ളതാണ് ഈ പ്രദേശങ്ങള്‍. ഇവരാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.

കുറുവപ്പേടിയെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ജാഗ്രതാ സംഘങ്ങള്‍ രാത്രികാല റോന്തുചുറ്റല്‍ ആരംഭിച്ചതോടെയാണ് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായത്. കഴിഞ്ഞ ദിവസം നീണ്ടൂരിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞത് സാമൂഹികവിരുദ്ധരാണെന്ന് വ്യക്തമായിട്ടുണ്ട്.

രാത്രികാലങ്ങളില്‍ ജനങ്ങളില്‍ ഭീതിപരത്തുന്ന സാമൂഹികവിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ ആവശ്യപ്പെട്ടു.

പരിഭ്രാന്തി പരത്തുന്നത് സാമൂഹികവിരുദ്ധരെന്ന് പോലീസ് 

കുറുവ സംഘത്തിന്റെ പേരില്‍ ഒരു വിഭാഗം സാമൂഹികവിരുദ്ധര്‍ പരിഭ്രാന്തി പരത്തുകയാെണന്ന് പോലീസ് .അതിരമ്പുഴയില്‍നിന്ന് ആദ്യദിവസങ്ങളില്‍ ലഭിച്ച മൂന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ മാത്രമാണ് കുറുവാ സംഘവുമായി എന്തെങ്കിലും സാമ്യം ഉള്ളവരെ കണ്ടത്.

പിന്നീട് കിട്ടിയ സി.സി.ടി.വി. ദൃശ്യങ്ങളില്‍ സംശയിക്കുന്ന ആരെയും കണ്ടെത്താനായില്ലെന്നും, വിവരം ലഭിച്ചാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്താനുള്ള സംവിധാനം പോലീസ് ഒരുക്കിയിട്ടുണ്ടെന്നും ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ആര്‍. രാജേഷ് കുമാര്‍ പറഞ്ഞു.