ചേർത്തല: താലൂക്ക് ആശുപത്രിയിൽ മുറിയുടെ പൂട്ടുതകർത്ത് പ്രത്യേക മരുന്ന് മോഷ്ടിച്ചു. ലഹരിമോചനത്തിനായി എത്തുന്നവർക്ക് നൽകുന്ന ഗുളികകളാണ് കവർന്നത്. സർക്കാർ ആശുപത്രികളിൽ മാത്രം ലഭിക്കുന്ന ബുപ്രിനോർഫിൻ ഗുളികകളിൽ 60 എണ്ണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ രാത്രി മോഷണം നടന്നതായാണ് നിഗമനം.
തിങ്കളാഴ്ച രാവിലെയാണ് ശ്രദ്ധയിൽപ്പെടുന്നത്. ഗുളികവിതരണത്തിനുവേണ്ടി മാത്രമുള്ള പ്രത്യേക മുറിയുടെ താഴ് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ മേശവലിപ്പും തകർത്ത് അതിലുണ്ടായിരുന്ന ഗുളികകളാണ് മോഷ്ടിച്ചത്. ഗുളികകളുടെ സ്റ്റോക്ക് മുറി വേറെയാണെങ്കിലും ഇവിടെ മേശവലിപ്പിൽ അടുത്ത ദിവസത്തേക്കുവേണ്ടിയുള്ള ഗുളിക തലേന്ന് സൂക്ഷിക്കും. ഇത്തരത്തിലുള്ളവയാണ് മോഷണം പോയത്.
ലഹരി ഉപയോക്താക്കൾക്ക് അവയിൽ നിന്ന് മോചനം നൽകാൻ ലഭിക്കുന്നതാണ് ഗുളിക. വിലപിടിപ്പുള്ള ഗുളിക സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കില്ല. ലഹരിമോചനം ലക്ഷ്യമിട്ട് 45 പേർ ഇവിടെ പേര് നൽകിയിട്ടുണ്ടെങ്കിലും ശരാശരി 30 പേർ ദിവസവും രാവിലെയെത്തി ഗുളിക കഴിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
താലൂക്ക്, ജില്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിൽ മാത്രമേ ഇതിനുള്ള സൗകര്യമുള്ളൂ. സ്ഥിരം ഉപയോഗിക്കുന്നവരാണോ അല്ലെങ്കിൽ ലഹരിസംഘങ്ങളാണോ സംഭവത്തിന് പിന്നിലെന്ന സംശയം പോലീസിനുണ്ട്. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ചേർത്തല പോലീസ് അന്വേഷണം തുടങ്ങി.
Content Highlights: anti drug tablets stolen from Thaluk Hospital