അന്തിക്കാട്: ''കുടുക്കിയതാണ് എന്റെ മോനെ. ആറു വർഷമായി ഞാൻ അവന്റെ പിറകെ ഓടുകയാണ്. ആ സംഘം അവനെ ഞങ്ങളിൽ നിന്നകറ്റി. മകൻ വീട്ടിൽപോലും വരാതായി. അവന്റെ തുടർപഠനത്തിനായുള്ള തുക വരെ ഞങ്ങൾ മാറ്റിവച്ചിട്ടുണ്ട്''- മകനെ തിരിച്ചുകിട്ടിയാൽ നേർവഴിക്ക് നയിക്കാമെന്ന പ്രതീക്ഷയോടെ ഓട്ടോ ഡ്രൈവറായ മുറ്റിച്ചൂർ സ്വദേശി പള്ളിയിൽ സദാനന്ദൻ പറഞ്ഞു. മുറ്റിച്ചൂർ നിധിൽ വധക്കേസിൽ കഴിഞ്ഞദിവസം പോലീസ് പിടിയിലായ 22 വയസ്സുകാരൻ സനലിന്റെ അച്ഛനാണ് സദാനന്ദൻ.

'ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിലാണ് മോന്റെ നട്ടെല്ലിന് പരിക്ക് പറ്റിയത്. തിരുവനന്തപുരത്തെ ചികിത്സയ്ക്ക് ഞങ്ങൾ ഒപ്പമുണ്ടായിരുന്നു. അസുഖബാധിതനായിട്ടും അവനെ വിട്ടുതരുന്നില്ല. കുടുംബത്തിൽനിന്ന് അകറ്റി ഗുണ്ടാപ്രവർത്തനത്തിന് ഉപയോഗിക്കുകയാണ്' - സദാനന്ദൻ പറയുന്നു.

പെരിങ്ങോട്ടുകരയിലെ ഗുണ്ടാനേതാവും പങ്കാളിയായ മുറ്റിച്ചൂരിലെ മറ്റൊരാളുമാണ് കുടുംബം തകർത്തത്. അന്തിക്കാട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടും കാര്യമുണ്ടായില്ല. മകനെ വിട്ടുകിട്ടുന്നതിനായി 2016 മുതൽ കേസുകൾ നിലവിലുണ്ട്. തിരിച്ചു കിട്ടാത്തതിൽ പോലീസിന്റെ അനാസ്ഥയുമുണ്ട്. അന്തിക്കാട് പോലീസിലെ ചിലർക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ട്. പരസ്യമായി മുറ്റിച്ചൂരിലെ ഗുണ്ടാനേതാവിന്റെ വീട് കേന്ദ്രീകരിച്ച് ഗുണ്ടാപ്രവർത്തനവും ലഹരിവിപണനവും നടന്നിട്ടും തടയിടാൻ പോലീസിനായിട്ടില്ല. - സദാനനന്ദൻ ആരോപിക്കുന്നു.

രണ്ട് ആൺമക്കളാണിവർക്ക്. പത്താംക്ലാസുവരെ നല്ലരീതിയിൽ പഠിച്ചിരുന്ന സനലിന് പ്ലസ്ടു കാലത്താണ് സ്വഭാവത്തിൽ മാറ്റം കണ്ടുതുടങ്ങിയത്. ബൈക്കുകളോടുള്ള കമ്പമാണ് ഗുണ്ടാസംഘത്തിൽ ആകൃഷ്ടനാക്കിയത്. 'അവർ ആദ്യം അവനെ ബൈക്കോടിക്കാൻ പഠിപ്പിച്ചു. പിന്നെ ആഡംബരബൈക്കുകളും ഫോണും നൽകി. ഈ സംഘത്തിൽ സനലിന്റെ പ്രായത്തിലുള്ളവർ ഏറെയുണ്ടായിരുന്നു. സംഘം അവരെക്കൊണ്ട് പലിശപിരിവും കഞ്ചാവ് കൈമാറ്റവും കൂലിത്തല്ലും നടത്തി.

ജുവനൈൽ കോടതിയുടെ കൗൺസിലിങ് കഴിഞ്ഞ് സനലിനെ നാട്ടിൽ നിന്ന് മാറ്റിനിർത്തി എറണാകുളത്ത് പഠിക്കാനായി ചേർത്തു. അവിടെനിന്നും അവർ അവനെ കൂട്ടിക്കൊണ്ടുപോന്നു. പിന്നീട് എതിർസംഘത്തിന്റെ ആക്രമണത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കുണ്ടായി.

നടക്കാൻ പോലും കഴിയാത്ത ഞങ്ങളുടെ മകനെ മുന്നിൽ നിർത്തി ഗുണ്ടാനേതാക്കൾ കളിക്കുകയാണ്. എങ്ങനെയെങ്കിലും അവനെ നല്ല ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം...'-സദാനന്ദനും ഭാര്യ ബീനയും കണ്ണീരുമായി കൈകൂപ്പി അപേക്ഷിക്കുന്നു.

Content Highlights:anthikkad nidhil murder case accused sanal's parentssays about theirson