കൊച്ചി:  മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ സൈജു തങ്കച്ചനെ മൂന്നുദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡിസംബര്‍ രണ്ടാം തീയതി വരെയാണ് സൈജുവിനെ കസ്റ്റഡിയില്‍ വിട്ടത്. മൂന്നുദിവസം കൂടി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 

സൈജു കാറില്‍ പിന്തുടര്‍ന്നതാണ് മുന്‍ മിസ് കേരള വിജയികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടാന്‍ കാരണമായതെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. സൈജു ദുരുദ്ദേശ്യത്തോടെയാണ് മോഡലുകളെ പിന്തുടര്‍ന്നതെന്ന് സിറ്റി പോലീസ് കമ്മീഷണറും വ്യക്തമാക്കി. ഇയാളുടെ ഫോണില്‍നിന്ന് ലഹരി ഉപയോഗിക്കുന്നതടക്കമുള്ള ദൃശ്യങ്ങളും കണ്ടെത്തി. ഈ സാഹചര്യത്തില്‍ സൈജുവിനെ വിശദമായി ചോദ്യംചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയത്. 

നേരത്തെ മൂന്നുദിവസത്തെ കസ്റ്റഡി കോടതി അനുവദിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് സൈജുവിനെയും കൊണ്ട് തെളിവെടുപ്പ് നടത്തിയത്. പാര്‍ട്ടികളില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തതടക്കമുള്ള വിവരങ്ങള്‍ ഇയാളുടെ ഫോണില്‍നിന്ന് ലഭിച്ചിരുന്നു. വന്യമൃഗവേട്ട നടത്തിയതിന്റെ സൂചനകളും ലഭിച്ചു. ലഹരി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും കിട്ടി. കഴിഞ്ഞ ദിവസം സൈജുവിന്റെ ആഡംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ ചൂഷണത്തിനിരയായ പെണ്‍കുട്ടികള്‍ പരാതിപ്പെട്ടാല്‍ കൂടുതല്‍ കേസുകള്‍ സൈജുവിനെതിരേ രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. 

ഒക്ടോബര്‍ 31-ന് അര്‍ധരാത്രി പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിലാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അന്‍ജന ഷാജന്‍, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവര്‍ മരിച്ചത്. കാറോടിച്ചിരുന്ന അബ്ദുള്‍റഹ്മാന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ ഇയാള്‍ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ കേസെടുത്തു. റിമാന്‍ഡിലായിരുന്ന അബ്ദുള്‍റഹ്മാന്‍ പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. തങ്ങളുടെ കാറിനെ ഒരു കാര്‍ പിന്തുടര്‍ന്നതായുള്ള അബ്ദുള്‍റഹ്മാന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലേക്കും അന്നുനടന്ന ഡി.ജെ. പാര്‍ട്ടിയിലേക്കും അന്വേഷണം എത്തുകയായിരുന്നു. 

പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ഹോട്ടലുടമയായ റോയി വയലാട്ട് നശിപ്പിച്ചത് ദുരൂഹതകള്‍ വര്‍ധിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ സൂക്ഷിച്ച ഡി.വി.ആര്‍. കായലില്‍ ഉപേക്ഷിച്ചെന്നായിരുന്നു റോയിയുടെ മൊഴി. ഇതോടെ റോയി വയലാട്ടിനെയും ചില ഹോട്ടല്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ഇതിനിടെ, മോഡലുകളെ കാറില്‍ പിന്തുടര്‍ന്നത് സൈജുവാണെന്നും കണ്ടെത്തിയിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നത് വിലക്കാനാണ് താന്‍ മോഡലുകളെയും സുഹൃത്തുക്കളെയും പിന്തുടര്‍ന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. ആദ്യഘട്ടത്തില്‍ സൈജുവിനെ കേസില്‍ പ്രതിചേര്‍ത്തിരുന്നില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെ സൈജുവിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണുകളടക്കം പരിശോധിച്ചതോടെയാണ് മുന്‍കാല വിവരങ്ങളെല്ലാം പോലീസിന് ലഭിച്ചത്. തുടര്‍ന്നാണ് ദുരുദ്ദേശ്യത്തോടെയാണ് സൈജു മോഡലുകളെ പിന്തുടര്‍ന്നതെന്നും ഈ ചേസിങ്ങാണ് അപകടത്തിന് കാരണമായതെന്നും പോലീസ് കണ്ടെത്തിയിരിക്കുന്നത്. 

Content Highlights: ansi kabeer anjana shajan accident death case saiju in police custody for three more days