ആളൂര്‍(തൃശ്ശൂര്‍): കാറപകടത്തില്‍ കൊല്ലപ്പെട്ട മൂന്നുപേരില്‍ ആളൂര്‍ സ്വദേശിനിയും മുന്‍ മിസ് കേരള റണ്ണറപ്പുമായ അന്‍ജന ഷാജന്റെ കുടുംബവും പോലീസില്‍ പരാതി നല്‍കി. സംഭവത്തിലെ ദുരൂഹത മാറ്റണമെന്നും ഹോട്ടലുടമയുടെയും സുഹൃത്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സഹോദരന്‍ അര്‍ജുന്‍ ഷാജന്‍ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കൊല്ലപ്പെട്ടവരില്‍ മുന്‍ മിസ് കേരള അന്‍സിയുടെ കുടുംബവും നേരത്തേ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. അന്‍ജനയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടാനുണ്ടായ സാഹചര്യമുണ്ടാക്കിയത് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലുടമയും സുഹൃത്തുമാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

അതീവരഹസ്യമായി മൊഴിയെടുക്കുന്നു, പാര്‍ട്ടിയില്‍ പങ്കെടുത്തത് 150-ലധികം പേര്‍ 

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ മരിച്ച കേസില്‍ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക് തിരയാനൊരുങ്ങി പോലീസ്. ഹാര്‍ഡ് ഡിസ്‌ക് വലിച്ചെറിഞ്ഞെന്ന് കരുതപ്പെടുന്ന ഇടക്കൊച്ചി കണ്ണേങ്ങാട്ട് പാലത്തിന് താഴെ മുങ്ങിത്തപ്പാനാണ് പോലീസൊരുങ്ങുന്നത്. 'നമ്പര്‍ 18' ഹോട്ടലുടമയായ റോയ് ജെ. വലയലാറ്റിന്റെ മൊഴിയില്‍ ഡി.ജെ. പാര്‍ട്ടിഹാളില്‍നിന്ന് ഊരിമാറ്റിയ ഹാര്‍ഡ് ഡിസ്‌ക് പാലത്തില്‍നിന്ന് കായലില്‍ ഉപേക്ഷിച്ചെന്നാണ് പറയുന്നത്. ഏതുവിധേനയും ഇത് കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം. ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും അന്വേഷണം വൈകുന്നത് വിമര്‍ശനത്തിനടയാക്കിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കുള്ള ഇടമാണ് കണ്ണേങ്ങാട്ട് പാലത്തിന് താഴെയുള്ള ഭാഗം. ഇവിടേക്ക് വലിച്ചെറിഞ്ഞ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തുക പോലീസിന് ശ്രമകരമായ പണിയായേക്കും. അടുത്തദിവസങ്ങളിലായി ഫയര്‍ഫോഴ്സ് സ്‌കൂബ സംഘം തിരച്ചില്‍ തുടങ്ങുമെന്നാണ് വിവരം.

ഇതിനിടെ നമ്പര്‍ 18 ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളടക്കം നിരവധിപേരെ ഇതിനോടകം പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. അതീവ രഹസ്യമായാണ് മൊഴികള്‍ രേഖപ്പെടുത്തുന്നത്. കേസില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസ് പുറത്തുവിടുന്നില്ല.കേസില്‍ ഉന്നത ഉദ്യോഗസ്ഥനുള്ള പങ്കും ബന്ധവും പുറത്തുവന്നതോടെ അന്വേഷണ സംഘം കടുത്ത സമ്മര്‍ദത്തിലാണ്.

അതിനാല്‍, അന്വേഷണ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ കടുത്ത ജാഗ്രതയാണ് പോലീസ് പുലര്‍ത്തുന്നത്. നൂറ്റമ്പതിലധികം പേര്‍ ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. ഹോട്ടലില്‍ പേര് വിവരങ്ങള്‍ നല്‍കാതെ പലരും പാര്‍ട്ടിയില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജി ജോര്‍ജാണ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നത്.

മൊബൈല്‍ഫോണ്‍ രേഖകളെക്കുറിച്ച് മിണ്ടാട്ടമില്ല 

കൊച്ചി: വൈറ്റില ബൈപ്പാസില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ മൊബൈല്‍ഫോണ്‍ രേഖകള്‍ കേസിലേക്ക് വെളിച്ചം വീശുന്നതാവും. എന്നാല്‍, കേസന്വേഷണത്തില്‍ മൊബൈല്‍ഫോണ്‍ രേഖകളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തെക്കുറിച്ച് പോലീസ് പ്രതികരിച്ചിട്ടേയില്ല. ഉന്നത ഉദ്യോഗസ്ഥന് കേസുമായുള്ള ബന്ധമാണ് ഇതിനുപിന്നിലെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

അപകടത്തിനു മുമ്പ് അവര്‍ പങ്കെടുത്ത പാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചിയിലെ 'നമ്പര്‍ 18' ഹോട്ടലുടമ റോയിയും പെണ്‍കുട്ടികളും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍, റോയിയുടെ സൃഹൃത്ത് ഷൈജു തങ്കച്ചനേയും പെണ്‍കുട്ടികളുമായി ബന്ധിക്കുന്ന കാര്യങ്ങള്‍ അവ്യക്തമാണ്.

ഡി.ജെ. പാര്‍ട്ടിക്കുശേഷം പെണ്‍കുട്ടികള്‍ ഹോട്ടലില്‍ തങ്ങാതെ സ്ഥലംവിട്ടപ്പോള്‍ ഷൈജു എന്തിന് അവരെ പിന്തുടര്‍ന്നുവെന്നും വ്യക്തമാകേണ്ടതുണ്ട്. അപകടത്തിന് തൊട്ടുമുമ്പുള്ള ഫോണ്‍കോളുകള്‍ ഇതിന് ഉത്തരം നല്‍കിയേക്കും.

അപകടത്തെക്കുറിച്ച് റോയിയെ വിളിച്ചറിയിച്ചത് ഷൈജുവാണ്. ഇതിനൊപ്പം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിളി വിവരങ്ങളും കേസിന്റെ ഗതി മാറ്റിയേക്കാം. പാര്‍ട്ടിക്കിടെ യുവതികളെ ഷൈജുവിന് പരിചയപ്പെടുത്തിക്കൊടുത്തത് റോയിയാണ്. 11.30-ന് പാര്‍ട്ടികഴിഞ്ഞ് 12.15 വരെ അവര്‍ ഹോട്ടലില്‍ തങ്ങിയതായും ഹോട്ടല്‍ ജീവനക്കാരന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. അവസാനമായി കാണുമ്പോള്‍ റിസപ്ഷനില്‍ റോയിയോടും ഷൈജുവിനോടും സംസാരിച്ചുനില്‍ക്കുകയായിരുന്നു പെണ്‍കുട്ടികളെന്നും ജീവനക്കാരന്‍ പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും അവ്യക്തത

സുപ്രധാന കേസായിരുന്നിട്ടും പോസ്റ്റുമോര്‍ട്ടം വേണ്ട ഗൗരവത്തോടെ നടത്തിയില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മൃതദേഹങ്ങളില്‍നിന്ന് രക്ത-മൂത്ര സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടില്ലെന്നത് വലിയ പിഴവായി ചൂണ്ടിക്കാണിക്കുന്നുണ്ട്. മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്തപരിശോധന അനിവാര്യമാണ്. സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ മൂത്രസാമ്പിളും പരിശോധനയ്ക്ക് അയയ്‌ക്കേണ്ടതായിരുന്നു. ഇത് സാധാരണ ചെയ്യുന്ന നടപടിക്രമവുമാണ്. എന്നിട്ടും ഈ കേസില്‍ അതുണ്ടായില്ലെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. കൃത്യമായ ഇടപെടല്‍ മൂലം പരിശോധനകള്‍ ഒഴിവാക്കിയതാണെന്നും ആരോപണമുണ്ട്.