ശ്രീനഗര്‍: കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷോപ്പിയാന്‍ ജില്ലയിലെ ബേക്കറി ജീവനക്കാരനായ ഹുസൈഫ് ഖുദായ് എന്ന 19കാരനെയാണ് ശനിയാഴ്ച വൈകിട്ടോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 48 മണിക്കൂറിനിടെ ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഹുസൈഫ്. 

ശനിയാഴ്ച രാവിലെയാണ് ഹുസൈഫ് അടക്കമുള്ള അഞ്ചുപേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ രണ്ടുപേരെ പിന്നീട് വിട്ടയച്ചിരുന്നു. ബാക്കി മൂന്നുപേര്‍ക്കായി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല, ഇതിനിടെയാണ് ഹുസൈഫിനെ കൊല്ലപ്പെട്ട നിലയില്‍  കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. 

കഴിഞ്ഞദിവസം സഫാനഗരിയില്‍ 17 വയസുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയെയും ഭീകരന്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. സുരക്ഷാസേനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥിയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഭീകരര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് കശ്മീരില്‍ മറ്റൊരു യുവാവിനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരിക്കുന്നത്.  

Content Highlights: another teen abducted and killed by terrorists in kashmir