മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയ്‌ക്കെതിരേ വീണ്ടും ആരോപണം. എന്‍.സി.ബി. നേരത്തെ രജിസ്റ്റര്‍ചെയ്ത ലഹരിമരുന്ന് കേസിലെ സാക്ഷി ശേഖര്‍ കാംബ്ലെയാണ് സമീര്‍ വാംഖഡെയ്‌ക്കെതിരേ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മുംബൈയില്‍നിന്ന് നൈജീരിയന്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത കേസുമായി ബന്ധപ്പെട്ട് സമീര്‍ വാംഖഡെ വെള്ളപേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങിയെന്നും ഇതാണ് പിന്നീട് സാക്ഷിമൊഴിയായി ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു. 

സമീര്‍ വാംഖഡെ 10-12 വെള്ളപേപ്പറുകളിലാണ് ഒപ്പിടാന്‍ ആവശ്യപ്പെട്ടത്. ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പും നല്‍കിയിരുന്നു. ഇതിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ തന്റെ കൈവശമുണ്ടെന്നും ശേഖര്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രി അനില്‍ മാനെ എന്ന് പരിചയപ്പെടുത്തിയ ഒരു എന്‍.സി.ബി. ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ചതായും ആരോടും ഒന്നും സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടതായും ശേഖര്‍ വെളിപ്പെടുത്തി. നൈജീരിയന്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത കേസിനെ സംബന്ധിച്ച് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നതോടെ താന്‍ ഭയന്നിരിക്കുകയാണെന്നും ശേഖര്‍ പറഞ്ഞു. 

നേരത്തെ, ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ സമീര്‍ വാംഖഡെയ്‌ക്കെതിരേ സമാന ആരോപണം ഉയര്‍ന്നിരുന്നു. കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയിലാണ് വെള്ളപേപ്പറുകളില്‍ തന്റെ ഒപ്പിട്ട് വാങ്ങിയതെന്നും തന്റെ അറിവില്ലാതെയാണ് സാക്ഷിയാക്കിയതെന്നും ആരോപണമുന്നയിച്ചത്. കേസില്‍ സ്വകാര്യ ഡിറ്റക്ടീവായ കെ.പി. ഗോസാവിയും സമീര്‍ വാംഖഡെയും തമ്മില്‍ 25 കോടിയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ഇതില്‍ എട്ട് കോടി വാംഖഡെയ്ക്കാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇത് വിവാദമായതോടെ സമീര്‍ വാംഖഡെയ്‌ക്കെതിരേ എന്‍.സി.ബി. വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു.

Content Highlights: another allegation against ncb officer sameer wankhede