കോട്ടയം: പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ ബി.കോം. വിദ്യാർഥിനി കാഞ്ഞിരപ്പള്ളി പൊടിമറ്റം അഞ്ജു പി.ഷാജിയുടെ ഉത്തരക്കടലാസ് പരിശോധനയിൽ നിർണായക കണ്ടെത്തൽ. കോളേജ് അധികൃതർ പിടിച്ചെടുത്ത ഹാൾ ടിക്കറ്റിൽ എഴുതിയിരുന്ന വിവരങ്ങൾ ഒന്നും ഉത്തരക്കടലാസിൽ കണ്ടെത്താനായില്ലെന്ന് സർവകലാശാലാ അധികൃതരുടെ പരിശോധനാ റിപ്പോർട്ട്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആവശ്യപ്പെട്ടതിനെതുടർന്നാണ്, വിദ്യാർഥിനി കോപ്പിയടിച്ചെന്ന് ആരോപിക്കപ്പെട്ട ഉത്തരക്കടലാസ് സർവകലാശാലാ അധികൃതർ പരിശോധിച്ചത്. റിപ്പോർട്ട് പോലീസിന് കൈമാറി. പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകൻ പിടിച്ചെടുത്ത ഹാൾ ടിക്കറ്റിലെ കൈയക്ഷരം വിദ്യാർഥിനിയുടേതാണോയെന്ന് കണ്ടെത്താൻ പോലീസ് ശാസ്ത്രീയ അന്വേഷണ സംഘത്തിന്റെ സഹായം തേടിയിരിക്കുകയാണ്.

അഞ്ജു പി.ഷാജിയുടെ ഹാൾ ടിക്കറ്റ്, നോട്ട് ബുക്കുകൾ, പരീക്ഷാ ഹാളിലെ സി.സി.ടി.വി.യുടെ ഹാർഡ് ഡിസ്ക്, ബാഗ്, മൊബൈൽ ഫോൺ എന്നിവ കോട്ടയം ആർ.ഡി.ഒ. മുഖേന തിരുവനന്തപുരം െഫാറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ, ഒന്നരമാസം കഴിഞ്ഞിട്ടും ഇതിന്റെ പരിശോധനാ ഫലങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല.

കോവിഡിനെ തുടർന്ന് തിരുവനന്തപുരം ഫൊറൻസിക് ലാബിലെ ജീവനക്കാരുടെ കുറവാണ് പരിശോധനാഫലം വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

കൈയക്ഷരം സംബന്ധിച്ച ഫൊറൻസിക് പരിശോധനാഫലം ലഭിച്ചശേഷമേ കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയൂവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാർ പറഞ്ഞു. ചേർപ്പുങ്കൽ ബി.വി.എം. കോളേജിൽ പരീക്ഷയെഴുതാനെത്തിയ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജ് വിദ്യാർഥിനിയായ അഞ്ജുവിനെ ജൂൺ ആറിനാണ് കാണാതാകുന്നത്. പിറ്റേന്ന് നടത്തിയ പരിശോധനയിലാണ് മീനച്ചിലാറ്റിൽനിന്ന് മൃതദേഹം കണ്ടെത്തുന്നത്. പരീക്ഷയെഴുതുന്നതിനിടെ കോപ്പിയടിച്ചെന്നാരോപിച്ച് ചേർപ്പുങ്കൽ ബി.വി.എം. കോളേജ് അധികൃതർ മാനസികമായി പീഡിപ്പിച്ചതിനെതുടർന്നാണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം.

Content Highlights:anju p shaji suicide university inspection report