പാട്ന: വിവാഹക്കാര്യത്തിൽ വീട്ടുകാർ മുൻകൈ എടുക്കാത്തതിൽ കുപിതനായി യുവാവ് സഹോദരന്റെ രണ്ടാംഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബിഹാറിലെ ഗോപാൽഗഞ്ച് സ്വദേശി മനോജ് പണ്ഡിറ്റ്(30) ആണ് സഹോദരൻ ഗണേഷ് പണ്ഡിറ്റിന്റെ(45) ഭാര്യ മീനാദേവി(34)യെ കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം വീട്ടിൽനിന്ന് കടന്നുകളഞ്ഞ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

മുപ്പത് വയസ്സായിട്ടും മനോജിന്റെ വിവാഹം നടത്താൻ വീട്ടുകാർ മുൻകൈ എടുക്കാതിരുന്നതാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പോലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് സഹോദരൻ ഗണേഷ് പണ്ഡിറ്റ് മീനാദേവിയെ വിവാഹം കഴിച്ചത്. ഗണേഷിന്റെ ആദ്യഭാര്യ വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. എന്നാൽ സഹോദരന്റെ രണ്ടാം വിവാഹം നടത്തിയിട്ടും താൻ അവിവാഹിതനായി തുടരുന്നത് മനോജിനെ പ്രകോപിപ്പിച്ചു.

തന്റെ വിവാഹം നടത്താതിനെച്ചൊല്ലി മാതാവുമായും സഹോദരനുമായും സഹോദരന്റെ ഭാര്യയുമായും ഇയാൾ പതിവായി വഴക്കിട്ടിരുന്നു. കഴിഞ്ഞദിവസവും ഇതേച്ചൊല്ലി വഴക്കുണ്ടായി. തുടർന്നാണ് ഉറങ്ങികിടക്കുകയായിരുന്ന സഹോദരന്റെ ഭാര്യയെ ഇയാൾ ആക്രമിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്ക്കടിയേറ്റ മീനാദേവി തൽക്ഷണം മരിച്ചു. സംഭവത്തിന് ശേഷം ഗ്രാമത്തിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തി കേസെടുത്തതായും യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും പോലീസ് പറഞ്ഞു.

Content Highlights:angry with family over marriage man killed brothers second wife