കോയമ്പത്തൂര്‍: ശ്രീലങ്കന്‍ അധോലോക നേതാവ് അങ്കോട ലക്കയുടെ ഡി.എന്‍.എ. പരിശോധനാഫലം പുറത്തുവന്നു. മരണമടഞ്ഞ് ഒരുവര്‍ഷത്തിനുശേഷമാണ് പരിശോധനറിപ്പോര്‍ട്ട് ലഭിക്കുന്നത്. മരണം സംബന്ധിച്ച് ഒട്ടേറെ ദുരൂഹതകള്‍ തീര്‍ക്കുന്ന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് സി.ബി.സി.ഐ.ഡി. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2020 ജൂലൈ മൂന്നിന് നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും മരണം സ്ഥിരീകരിച്ചശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ച് മരണസര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷം മധുരയില്‍ എത്തിച്ച് കത്തിച്ചുകളയുകയായിരുന്നു. മരണമടയുമ്പോള്‍ ഇയാളുടെ പക്കല്‍നിന്ന് കിട്ടിയ ആധാര്‍കാര്‍ഡില്‍ പ്രദീപ്സിങ് എന്നായിരുന്നു പേര് ചേര്‍ത്തിരുന്നത്. വ്യാജ ആധാര്‍ കാര്‍ഡ് സൃഷ്ടിച്ചത് തിരുപ്പൂര്‍ സ്വദേശി ധ്യാനേശ്വരനും അഭിഭാഷക ശിവകാമി സുന്ദരിയുമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എങ്കിലും, മരിച്ചവ്യക്തി അങ്കോട ലക്ക തന്നെയാണോ എന്നകാര്യം ഉറപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

പിന്നീട് കേസ് ഏറ്റെടുത്ത സി.ബി.സി.ഐ.ഡി. ഉദ്യോഗസ്ഥരാണ് ഡി.എന്‍.എ. പരിശോധനയ്ക്കായി ശ്രീലങ്കന്‍ എംബസിമുഖേന അങ്കോട ലക്കയുടെ അമ്മ ചന്ദ്രിക ഫെറെരയെ സമീപിച്ച് സാമ്പിളുകള്‍ ശേഖരിച്ച് ഇന്ത്യയിലെത്തിച്ച് പരിശോധന നടത്തിയത്. കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടസമയത്ത് ശേഖരിച്ച സാമ്പിളുകള്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി ഉപയോഗിക്കുകയും ചെയ്തു. ഇതിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിച്ചത്.

ഇതിനിടെ ബെംഗളൂരുവില്‍ അറസ്റ്റിലായ ഇയാളുടെ കൂട്ടാളി ചനുക ധനനായകാ (ലാഡിയ-38), ഇയാള്‍ക്ക് അഭയംനല്‍കി താമസിപ്പിച്ച ഗോപാലകൃഷ്ണന്‍ (ജയപാല്‍-43) എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഏഴുദിവസത്തെ സി.ബി.സി.ഐ.ഡി. കസ്റ്റഡി കോടതി അനുവദിച്ചു.

Content Highlights: Angoda Lokka's identity confirmed in DNA test, two aides in CB-CID custody