കൊച്ചി:  രണ്ടുദിവസം മുമ്പ് ആന്ധ്രപ്രദേശില്‍നിന്ന് പിടികൂടിയ പാലക്കാട് സ്വദേശി ഷറഫുദ്ദീന്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നവരുടെ പ്രധാന ഇടനിലക്കാരനാണെന്ന് പോലീസ്. ആന്ധ്രപ്രദേശില്‍ നക്‌സലുകള്‍ക്കിടയില്‍ സ്വാധീനമുള്ള ഷറഫുദ്ദീന്‍, പ്രാദേശികമായി കൃഷി ചെയ്യുന്ന കഞ്ചാവ് വന്‍തോതില്‍ കേരളത്തിലേക്ക് കടത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അങ്കമാലിയില്‍ 150 കിലോ കഞ്ചാവ് പിടികൂടിയതോടെയാണ് പോലീസിന്റെ അന്വേഷണം ഷറഫുദ്ദീനിലേക്കെത്തിയത്. തുടര്‍ന്ന് അങ്കമാലി പോലീസിന്റെ പ്രത്യേകസംഘം ആന്ധ്രപ്രദേശിലെത്തിയാണ് തന്ത്രപൂര്‍വം ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്. 

പാലക്കാട് സ്വദേശിയായ ഷറഫുദ്ദീന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ കഞ്ചാവ് വില്‍പനയില്‍ സജീവമായിരുന്നു. ആദ്യം കാരിയറായി തുടക്കം കുറിച്ച ഇയാള്‍ പിന്നീട് സംസ്ഥാനത്തെ പ്രധാന ഏജന്റായി മാറി. നേരത്തെ പാലക്കാട് കഞ്ചാവുമായി പിടിയിലായെങ്കിലും ഈ കേസില്‍ ജയില്‍മോചിതനായതോടെ കേരളം വിട്ടു. തുടര്‍ന്ന് ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ചായിരുന്നു ഓപ്പറേഷന്‍. 

ആന്ധ്രപ്രദേശില്‍ നക്‌സലുകള്‍ക്ക് സ്വാധീനമുള്ള മേഖലകളിലാണ് പ്രധാനമായും കഞ്ചാവ് കൃഷിചെയ്യുന്നത്. ഹൈറേഞ്ച് മേഖലയായ ഇവിടെ ബന്ധം സ്ഥാപിച്ച ഷറഫുദ്ദീന്‍ കിലോയ്ക്ക് രണ്ടായിരം രൂപയ്ക്കാണ് പ്രദേശവാസികളില്‍നിന്ന് കഞ്ചാവ് സംഭരിച്ചിരുന്നത്. പിന്നീട് ഇത് കിലോയ്ക്ക് 20000 രൂപ വരെ ഈടാക്കി കേരളത്തിലെ പ്രധാനവില്‍പ്പനക്കാര്‍ക്ക് കൈമാറും. ചെറിയ പാക്കറ്റുകളിലായി ഇത് വീണ്ടും വില്‍ക്കപ്പെടുമ്പോള്‍ വന്‍ലാഭമാണ് കച്ചവടക്കാര്‍ക്കുണ്ടായിരുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എല്ലാജില്ലകളിലും ഷറഫുദ്ദീനില്‍നിന്ന് കഞ്ചാവ് വാങ്ങുന്നവരുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. 

മാസങ്ങള്‍ക്ക് മുമ്പ് അങ്കമാലിയില്‍ 150 കിലോ കഞ്ചാവ് പിടികൂടിയതോടെയാണ് ഷറഫുദ്ദീനെന്ന ഏജന്റിലേക്ക് അന്വേഷണമെത്തുന്നത്. ആന്ധ്രപ്രദേശില്‍നിന്ന് ഇയാള്‍ മുഖേനെയാണ് കഞ്ചാവ് കേരളത്തിലെത്തുന്നതെന്ന് മനസിലായതോടെ അങ്കമാലി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആന്ധ്രപ്രദേശിലെ പാഡേരു ടൗണിന് സമീപത്താണ് ഷറഫുദ്ദീന്‍ തമ്പടിക്കുന്നതെന്ന് മനസിലായതോടെ പോലീസിന്റെ ഒരുസംഘം അങ്ങോട്ട് യാത്രതിരിച്ചു. നക്‌സല്‍ മേഖലയായതിനാല്‍ ഏതുതരത്തിലുള്ള ആക്രമണവും പ്രതീക്ഷിച്ചായിരുന്നു പോലീസ് സംഘത്തിന്റെ യാത്ര. കഞ്ചാവ് തോട്ടങ്ങളിലേക്ക് കയറിച്ചെന്ന് പ്രതിയെ പിടികൂടുന്നത് പ്രയാസമായതിനാല്‍ തന്ത്രപൂര്‍വം കാത്തിരിക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം. ഇതിനായി ഷറഫുദ്ദീന്‍ മലയിറങ്ങി വരുന്ന സമയവും മറ്റും കൃത്യമായി മനസിലാക്കിവെച്ചു. ഒടുവില്‍ ഷറഫുദ്ദീന്‍ മലയിറങ്ങി പ്രധാനറോഡിലേക്ക് വരുന്നതിനിടെ കാത്തിരുന്ന പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.  ഷറഫുദ്ദീന്‍ പിടിയിലായതയോടെ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കൂടുതല്‍പേരെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. 

അങ്കമാലി ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.എം. സൂഫി, സീനിയര്‍ സിവില്‍ പോലീസ്  ഓഫീസര്‍മാരായ റോണി  ആഗസ്റ്റിന്‍,ഷൈജു ആഗസ്റ്റിന്‍, ജീമോന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്. 

Content Highlights: angamaly police arrested palakkad native sharaffudheen main agent of ganja smuggling to kerala