അങ്കമാലി: കറുകുറ്റിയിൽ രണ്ട് കിലോ എം.ഡി.എം.എ. പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. തിരുവള്ളൂർ അട്ടൻത്തങ്കൽ ബാലമുരുകൻ നഗറിൽ താമസിക്കുന്ന സുരേഷ് (36) ആണ് പിടിയിലായത്.

ചെന്നൈയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാന ഇടനിലക്കാരനാണ് ഇയാൾ. മയക്കുമരുന്ന് ലഭിക്കുന്നതിന് സുരേഷിന്റെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുന്നത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവർ നാലായി.

മുൻപ് പിടിയിലായ ആബിദ്, ശിവപ്രസാദ്, ഇബ്രാഹിംകുട്ടി എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുരേഷിനെ റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം മധുരയ്ക്കടുത്ത് ഇളയംകുടിയിൽനിന്ന് സാഹസികമായാണ് പിടിച്ചത്. കോടികൾ വിലവരുന്ന മയക്കുമരുന്ന് ചെന്നൈയിൽ നിന്ന് പിക്അപ് വാനിൽ കൊണ്ടുവരുന്ന വഴി ജൂൺ അഞ്ചിനാണ് കറുകുറ്റിയിൽ വെച്ച് പിടിച്ചത്.