കൊച്ചി: അങ്കമാലിയിലെ ജോയ് ആലുക്കാസ് ജ്വല്ലറിയില്‍ ബില്ലില്‍ കൃത്രിമം കാട്ടി 2.35 കോടിയുടെ 900 പവന്‍ സ്വര്‍ണം തട്ടിയതായി കേസ്. ജ്വല്ലറി മാനേജരടക്കം മൂന്ന് ജീവനക്കാരും ഇവര്‍ക്ക് സഹായം ചെയ്തു കൊടുത്തതായി ആരോപിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ പ്രതികള്‍.

മാനേജര്‍ തൃശ്ശൂര്‍ അടാട്ട് എലവുത്തിങ്കല്‍ വീട്ടില്‍ ഷൈന്‍ ജോഷി, അസി. മാനേജര്‍ ചേര്‍പ്പ് കുരുത്തുകുളങ്ങര കുന്നത്ത് വീട്ടില്‍ ഫ്രാങ്കോ കെ.പി., മാള്‍ മാനേജര്‍ കൊരട്ടി കാതിക്കുടം മേലേത്ത് വീട്ടില്‍ പൗലോസ് എം.ഡി., തൃപ്പൂണിത്തുറയില്‍ ഫ്ലാറ്റില്‍ താമസിക്കുന്ന അങ്കമാലി തുറവൂര്‍ 'കൃഷ്ണാഞ്ജലി'യില്‍ ഷര്‍മിള എന്നിവരാണ് പ്രതികള്‍.
ഇതില്‍ ഷോറൂം ജീവനക്കാരായ മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയും ഇവര്‍ കോടതിയില്‍ നിന്ന് ജാമ്യം നേടുകയും ചെയ്തതായും അങ്കമാലി പോലീസ് പറഞ്ഞു. ഷാര്‍മിള മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ജോയ് ആലുക്കാസ് കേരള റീജണ്‍ മാനേജര്‍ ആഷിക് സേവ്യറിന്റെ പരാതിയിലാണ് അങ്കമാലി പോലീസ് കേസെടുത്തത്.കഴിഞ്ഞ സപ്തംബര്‍ 20 ന് നടത്തിയ ഓഡിറ്റിലാണ് അങ്കമാലി ഷോറൂമില്‍ 7202.91 ഗ്രാം സ്വര്‍ണത്തിന്റെ കുറവ് കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബില്ലിലും സ്റ്റോക്കിലും കൃത്രിമം കാണിച്ച് സ്വര്‍ണം പുറത്തേക്ക് കടത്തിയതായി ബോദ്ധ്യപ്പെട്ടത്.

കഴിഞ്ഞ ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള വിവിധ ഇടപാടുകളിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പലവട്ടം ഷോറൂമിലെത്തി ഷര്‍മിള സ്വര്‍ണം വാങ്ങുകയും ഇതിന് ചെക്ക് നല്‍കുകയുമാണ് ചെയ്യുന്നത്. എന്നാല്‍, ഷോറൂം മാനേജര്‍ ചെക്ക് ക്ലിയറന്‍സിന് അയച്ചതായി രേഖയുണ്ടാക്കിയ ശേഷം ക്ലിയര്‍െേ ചയ്യണ്ടെന്ന് ബാങ്കില്‍ വിളിച്ചു പറയുകയാണ് ചെയ്യുന്നത്. കുറേ ചെക്കുകള്‍ ക്ലിയറന്‍സിന് അയച്ചിട്ടില്ല. ചില ഇടപാടുകളില്‍ ഷര്‍മിള തന്നെ ക്ലിയറന്‍സ് നടത്തേണ്ടെന്ന് ബാങ്കില്‍ വിളിച്ചു പറഞ്ഞതായും പരാതിയിലുണ്ട്.

സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ തന്നെ ഇതിലെ ബാര്‍ കോഡ് മുറിച്ചുമാറ്റി ജ്വല്ലറിയില്‍ സൂക്ഷിച്ച ശേഷം തക്കംപോലെ സ്‌കാന്‍ ചെയ്ത് തിരിച്ച് സ്റ്റോക്കിലേക്ക് ചേര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്. കമ്പ്യൂട്ടറില്‍ സ്റ്റോക്ക് പരിശോധിക്കുമ്പോള്‍ കുറവ് തോന്നാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. മാത്രമല്ല, പ്രതികള്‍ക്ക് തന്നെയായിരുന്നു ഡെയ്ലി സ്റ്റോക്ക് ചെക്കിങ്ങിന്റെ ചുമതലയും. തട്ടിയെടുത്ത സ്വര്‍ണം വിറ്റ് പ്രതികള്‍ പണം പങ്കിട്ടെടുത്തതായാണ് പരാതിയിലുള്ളത്.