ആലുവ: സിനിമാ രംഗങ്ങളെ വെല്ലുന്ന സംഭവങ്ങൾക്കൊടുവിൽ വാഹന മോഷ്ടാവ് പോലീസിന്റെ പിടിയിലായി. തലശേരി പൂതൻവല്ലി ചാലിൽ വീട്ടിൽ ഫാസിലി(31) നെയാണ് കിലോമീറ്ററുകൾ പിന്തുടർന്ന് അങ്കമാലി ഹൈവേ പോലീസ് സാഹസികമായി പിടികൂടിയത്.

അങ്കമാലി ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു ഇയാൾ. കാറിന്റെ താക്കോൽ ഉടമസ്ഥൻ ഊരിയെടുക്കാത്തത് മോഷ്ടാവിന് എളുപ്പമായി. വാഹനം പോകുന്നത് കണ്ട് ഉടമ ഒച്ചവച്ചു. ഈ സമയം അവിടെയെത്തിയ ഹൈവേ പോലീസ് കാറിനെ പിന്തുടർന്നു. പോലീസ് പിന്തുടരുന്നത് കണ്ട് മോഷ്ടാവ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വാഹനം ഉപേക്ഷിച്ച് ഇറങ്ങിയോടി. പിന്നാലെ പോലീസും.

ബസ് സ്റ്റാന്റിന്റെ മതിൽ ചാടി മോഷ്ടാവ് സർക്കാർ ആശുപത്രിയിലെത്തി. അവിടെ നിന്ന് ഓടി ഓട്ടോസ്റ്റാന്റിലെത്തി ഓട്ടോ വിളിച്ച് കാലടി ഭാഗത്തേക്ക് പോയി. ഓടിയെത്തിയ പോലീസ് മറ്റൊരു ഓട്ടോയിലും, പോലീസ് വാഹനത്തിലുമായി മോഷ്ടാവിനെ പിന്തുടർന്നു. വിശ്വജോതി സ്കൂളിനടുത്ത് വെച്ച് പ്രതി സഞ്ചരിച്ചിരുന്ന ഓട്ടോയെ തടഞ്ഞെങ്കിലും ഇയാൾ ഓട്ടോയിൽനിന്നും ഇറങ്ങിയോടി. ഒടുവിൽ പിന്നാലെ കുതിച്ച പോലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.

നിരവധി കേസുകളിലെ പ്രതിയാണ് ഫാസിൽ. എസ്.ഐ മാരായ ടി.കെ. ജോഷി, സി.ടി ഷൈജു, എ.എസ്.ഐ ഒ .എ ഉണ്ണി, സി.പി.ഒ മാരായ സുധീർ, അലി എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥരെ റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് അഭിനന്ദിച്ചു. പോലീസ് മേധാവിയുടെ കാര്യാലയത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് പാരിതോഷികവും പ്രശംസാപത്രവും വിതരണം ചെയ്തു.

Content Highlights:angamaly highway police caught car theft case accused after cinema style chasing