പെരിന്തൽമണ്ണ: പട്ടികജാതി വകുപ്പിൽനിന്ന് അനുവദിച്ച ഭവനനിർമാണ സഹായം അപേക്ഷകന് ലഭിക്കാതിരിക്കാൻ വ്യാജരേഖ ചമച്ചെന്ന കേസിൽ അങ്ങാടിപ്പുറം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അറസ്റ്റിൽ. ആറാംവാർഡംഗവും സി.പി.എം. ലോക്കൽകമ്മിറ്റിയംഗവുമായ വലമ്പൂർ വട്ടിപ്പറമ്പത്ത് അബ്ദുൾ അസീസിനെ(52)യാണ് അറസ്റ്റ് ചെയ്തത്.
പട്ടികജാതിവിഭാഗക്കാരനായ വലമ്പൂർ വാകശ്ശേരി രാവുണ്ണി (ബാലൻ) 2018 മാർച്ചിൽ നൽകിയ പരാതിയിലാണ് രണ്ടുവർഷത്തിന് ശേഷം അറസ്റ്റുണ്ടായത്. ൈകയെഴുത്ത് വിദഗ്ധരുടെ പരിശോധനയ്ക്കു ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് അബ്ദുൾ അസീസിനെതിരേ കേസെടുത്തത്. മുൻകൂർജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. ഇതേത്തുടർന്നാണ് തിങ്കളാഴ്ച പെരിന്തൽമണ്ണ എ.എസ്.പി. എം. ഹേമലത ഇയാളെ അറസ്റ്റുചെയ്തത്.
2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എം. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് രാവുണ്ണി വെൽഫെയർപാർട്ടി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് 150-ഓളം വോട്ട് നേടിയിരുന്നു. ഇതിലുള്ള വിദ്വേഷം തീർക്കാൻ വ്യാജരേഖ ചമച്ച് തനിക്ക് ആനുകൂല്യം ലഭ്യമാക്കാതിരിക്കുകയായിരുന്നുവെന്നാണ് രാവുണ്ണിയുടെ ആരോപണം.
2016-17 വർഷത്തെ ഭവന നിർമാണ ഗുണഭോക്തൃപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ ബ്ലോക്ക് പട്ടികജാതി ഓഫീസിൽ നിന്ന് വിവരാവകാശ അപേക്ഷയിലൂടെ ഗുണഭോക്തൃപ്പട്ടിക രാവുണ്ണി കൈപ്പറ്റി.
18-ാം നമ്പറുകാരനായ തനിക്ക് ആനുകൂല്യം നിഷേധിക്കപ്പെട്ടതിന്റെ കാരണമറിയാൻ രണ്ടാമതും വിവരാവകാശം നൽകി. അപേക്ഷകന് സ്വന്തമായി വീടുള്ളതായി കാണിച്ച് പഞ്ചായത്തിന്റെ ലെറ്റർഹെഡിൽ കത്ത് ലഭിച്ചതിനാലാണ് അടുത്തയാൾക്ക് വീട് അനുവദിച്ചതെന്ന് പട്ടികജാതി ഓഫീസ് അറിയിച്ചു. എന്നാൽ പഞ്ചായത്ത് ഇത്തരമൊരു കത്ത് നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ രാവുണ്ണി ഡിവൈ.എസ്.പി.ക്കും പട്ടികജാതി കമ്മിഷനും മനുഷ്യാവകാശക്കമ്മിഷനും പരാതി നൽകി.
ഇക്കാര്യത്തിൽ പ്രതിപക്ഷവും നിരന്തരപ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. പുതിയ ലൈഫ്മിഷൻ പദ്ധതിയിൽ രാവുണ്ണിക്ക് പഞ്ചായത്ത് വീട് നൽകിയിട്ടുണ്ട്. അബ്ദുൾ അസീസിനെ മഞ്ചേരി പട്ടികജാതി സ്പെഷ്യൽ കോടതിയിൽ ഹാജരാക്കി.
Content Highlights:angadippuram panchayath member arrested