കരുനാഗപ്പള്ളി: അഴീക്കല്‍സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വീണ്ടും അപവാദപ്രചാരണങ്ങള്‍ നടത്തിയതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നു.

കേസില്‍ അഞ്ച് യുവാക്കള്‍ അറസ്റ്റിലായ ശേഷവും ചില സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അപവാദപ്രചാരണം തുടര്‍ന്നത്. ആക്രമണത്തിന് ഇരയായ പാലക്കാട് സ്വദേശിയായ അനീഷ് മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഇതുസംബന്ധിച്ച് കൊല്ലം സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസില്‍ ഫോണിലൂടെ പരാതിപ്പെട്ടിരുന്നു.

ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലൂടെയായിരുന്നു അപവാദപ്രചാരണം. അനീഷ് മരിച്ചതായുള്ള വാര്‍ത്തകള്‍ പരന്നതിനെത്തുടര്‍ന്ന് ഫെയ്‌സ് ബുക്കില്‍നിന്ന് വീഡിയോയും മറ്റും നീക്കംചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

പരാതിനല്‍കിയശേഷം അഗളിയിലെത്തിയ അനീഷിനെ ഇത്തരം അപവാദപ്രചാരണങ്ങളും മാനസികമായി തളര്‍ത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നുണ്ട്. അനീഷിന്റെ ഫോണിലേക്ക് വന്ന കോളുകളും പരിശോധിക്കുന്നു. ഇതില്‍ ചില കോളുകള്‍ ഭീഷണിയുടെ സ്വരത്തിലുള്ളതായിരുന്നു. അഗളി പോലീസാണ് ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നത്.