ഹൈദരാബാദ്:  ക്ലാസ്മുറിയില്‍വെച്ച് വിവാഹം കഴിച്ച വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് പുറത്താക്കി. ആന്ധ്രപ്രദേശിലെ രാജമുദ്രിയിലെസര്‍ക്കാര്‍ ജൂനിയര്‍ കോളേജിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. വിദ്യാര്‍ഥികള്‍ ക്ലാസ്മുറിയില്‍വെച്ച് താലി കെട്ടുന്നതും സിന്ദൂരം തൊടുന്നതുമായ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. 

ആചാരപ്രകാരമുള്ള വിവാഹരീതികളാണ് വിദ്യാര്‍ഥികള്‍ ക്ലാസ്മുറിയില്‍വെച്ച് ചിത്രീകരിച്ചിരുന്നത്. ആണ്‍കുട്ടി പെണ്‍കുട്ടിയെ താലി കെട്ടുന്നതും ശേഷം സിന്ദൂരം തൊടുന്നതും വീഡിയോയിലുണ്ടായിരുന്നു. മറ്റൊരു പെണ്‍കുട്ടിയാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ആരെങ്കിലും വരുന്നതിന് മുമ്പ് സിന്ദൂരം തൊട്ടുകൊടുക്കണമെന്ന് ഈ പെണ്‍കുട്ടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

എന്നാല്‍ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടര്‍ന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് അടക്കം സംഭവത്തില്‍ വിശദീകരണം തേടി. ഇതിനുപിന്നാലെയാണ് മൂന്ന് വിദ്യാര്‍ഥികളെയും കോളേജില്‍നിന്ന് പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചത്. 

സംഭവത്തില്‍ പോലീസും സ്വമേധയാ അന്വേഷണം നടത്തി. നവംബര്‍ 17-നാണ് പ്രസ്തുത വീഡിയോ ചിത്രീകരിച്ചതെന്നും ഒമ്പത് മണിക്ക് മുമ്പേ കോളേജിലെത്തിയാണ് ക്ലാസ്മുറിയില്‍വെച്ച് വിവാഹം നടത്തിയതെന്നും പോലീസ് പറഞ്ഞു. 

അതേസമയം, പ്രാങ്ക് വീഡിയോ എന്ന ഉദ്ദേശ്യത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് വിദ്യാര്‍ഥികളുടെ പ്രതികരണം. സംഭവത്തില്‍ പ്രിന്‍സിപ്പലിനോട് ക്ഷമ ചോദിച്ചതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. തമാശയ്ക്ക് വേണ്ടി ചിത്രീകരിച്ച വീഡിയോയുടെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കിയതിനെതിരേയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കൗണ്‍സിലിങ് നല്‍കേണ്ടതിന് പകരം വിദ്യാര്‍ഥികളെ പുറത്താക്കിയത് കടന്നകൈയാണെന്നും വിദ്യാര്‍ഥികളുടെ കരിയര്‍ നശിപ്പിക്കുന്ന നടപടിയാണെന്നുമാണ് ഇവരുടെ അഭിപ്രായം. 

Content Highlights: andhra school students marriage in classroom video goes viral action initiated