അമരാവതി: ഒരുമാസത്തിനിടെ ആന്ധ്രപ്രദേശില്‍ പോലീസ് നശിപ്പിച്ചത് 5964.84 ഏക്കര്‍ കഞ്ചാവ് കൃഷി. 'ഓപ്പറേഷന്‍ പരിവര്‍ത്തന'യുടെ ഭാഗമായി  സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി നടന്ന റെയ്ഡുകളിലാണ് വന്‍തോതില്‍ കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തി നശിപ്പിച്ചത്. 36 ദിവസങ്ങള്‍ക്കിടെ മുപ്പതിനായിരത്തിലേറെ കഞ്ചാവ് ചെടികള്‍ നശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും കഞ്ചാവിന് ഏകദേശം 1491 കോടി രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു. 

കഴിഞ്ഞദിവസം വിശാഖപട്ടണത്തിന് സമീപം നടന്ന റെയ്ഡില്‍ മാത്രം 39 ഏക്കര്‍ കഞ്ചാവ് തോട്ടമാണ് നശിപ്പിച്ചത്. സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ബ്യൂറോ, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെയാണ് കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ചത്. 

ഒഡീഷ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് സംസ്ഥാനത്ത് വന്‍തോതില്‍ കഞ്ചാവ് കൃഷി നടക്കുന്നത്. അതിനാല്‍ ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ റെയ്ഡുകള്‍. കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിക്കുക മാത്രമല്ല, കഞ്ചാവ് കൃഷി ചെയ്യുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് മറ്റു ജീവിതമാര്‍ഗങ്ങള്‍ ഉറപ്പുവരുത്തുന്നതും ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമാണ്. 

ഒക്ടോബര്‍ 31-നാണ് ആന്ധ്രാപ്രദേശ് പോലീസ് ഓപ്പറേഷന്‍ പരിവര്‍ത്തനയ്ക്ക് തുടക്കംകുറിച്ചത്. കഞ്ചാവ് കൃഷി ചെയ്യുന്ന ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഈ പദ്ധതിക്ക് വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സംസ്ഥാന എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ അവകാശവാദം. കഞ്ചാവ് കൃഷി ചെയ്തിരുന്ന ആദിവാസികളില്‍ ചിലര്‍ സ്വമേധയാ കൃഷിയില്‍നിന്ന് വിട്ടുനിന്നെന്നും ഇത് അവരിലുണ്ടായ മാറ്റം കാരണമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി കൂടുതല്‍ കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അടുത്തിടെ കേരളത്തില്‍ പലയിടത്തായി നടന്ന കഞ്ചാവ് വേട്ടകളിലെല്ലാം ആന്ധ്രയില്‍നിന്നുള്ള കഞ്ചാവാണ് പിടികൂടിയിരുന്നത്. ഇതില്‍ അപൂര്‍വം ചില കേസുകളില്‍ മാത്രമാണ് കേരള പോലീസ് ആന്ധ്രയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. നക്‌സല്‍, ആദിവാസി മേഖലകളില്‍ കടന്നുചെന്ന് അന്വേഷണം നടത്താന്‍ കഴിയാത്തതും പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. 

Content Highlights: andhra police operation parivarthana ganja hunt