തിരുവനന്തപുരം: കരമനയിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് അക്രമിസംഘം മൊബൈൽ ഫോണിൽ പകർത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊഞ്ചിറവിള സ്വദേശി അനന്തു(21)വിനെ തട്ടിക്കൊണ്ടുപോയ സംഘം മൂന്നരമണിക്കൂറോളം ക്രൂരമായി മർദിച്ചാണ് കൊല നടത്തിയത്.

കേസിൽ മൂന്ന്‌ സഹോദരങ്ങളടക്കം ആറു പേരെക്കൂടി റിമാൻഡ് ചെയ്തു. കൈമനം പുത്തൻതോപ്പിൽ ലക്ഷംവീട്ടിൽ വിഷ്ണുരാജ്(23), സഹോദരന്മാരായ വിനീഷ് രാജ് എന്ന വിനീത്(20), കുഞ്ഞുവാവ എന്ന വിജയരാജ്(18) എന്നിവരെയും തിരുവല്ലം സുരഭവനിൽ ഹരിലാൽ നന്ദു(23), കരുമം കിടങ്ങിൽ വീട്ടിൽ കുട്ടപ്പൻ എന്ന അനീഷ്(24) കൈമനം ചിറക്കരലൈനിൽ അഖിൽ അപ്പു(21) എന്നിവരെയുമാണ് റിമാൻഡ് ചെയ്തത്. മറ്റൊരു പ്രതിയായ ശരത്തിനെ ചെന്നൈയിൽനിന്നു പിടികൂടിയിട്ടുണ്ട്.

വിജയരാജുമായി അനന്തുവിനുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിനു കാരണം. കൊഞ്ചിറവിളയിൽ ക്ഷേത്രോത്സവത്തിനിടെ ഇവർ തമ്മിൽ രണ്ടു തവണ അടിപിടിയുണ്ടായിരുന്നു. ഈ ദേഷ്യത്തിലാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

anandhu murder

കൊലപാതകം നടത്തിയ ഒഴിഞ്ഞസ്ഥലത്ത് ചൊവ്വാഴ്ച ഉച്ചമുതൽ അനീഷിന്റെ ജന്മദിനാഘോഷം നടക്കുകയായിരുന്നു. ഇതിനിടയിലാണ് അനന്തുവിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയത്.

അനന്തു അരശുംമൂട്ടിൽ എത്തിയെന്നുള്ള വിവരം കഴിഞ്ഞദിവസം പിടിയിലായ അരുൺബാബുവാണ് കൈമാറിയത്. തുടർന്ന് വിഷ്ണുരാജിന്റെ നേതൃത്വത്തിൽ അനന്തുവിനെ ബലമായി കൊണ്ടുവന്നു. തുടർന്ന് അനന്തുവിനെ ക്രൂരമായി മർദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത അക്രമികൾ ഇതെല്ലാം മൊബൈൽഫോണിൽ പകർത്തി. അനന്തുവിന്റെ കൈകളിലെ ഞരമ്പുകൾ മുറിച്ച സംഘം പിന്നെയും കൈയിൽ വെട്ടി മുറിവേൽപ്പിച്ചു. കൈകളിലെ മാംസം ചെത്തിമാറ്റിയ നിലയിലായിരുന്നു. തലയിലും ഒട്ടേറെ വെട്ടുകളുണ്ട്.

സംഭവത്തിനുശേഷം പൂവാറിനും കൊല്ലംകോട്ടിനും ഇടയിലുള്ള ഒഴിഞ്ഞ വീട്ടിലാണ് അക്രമികൾ ഒളിച്ചുതാമസിച്ചത്. കേസിലുൾപ്പെട്ട അഞ്ചുപേർ കഴിഞ്ഞദിവസം പിടിയിലായിരുന്നു. പിടിയിലായവരെ കൊലപാതകം നടന്ന കൈമനത്തെ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പു നടത്തി.

അസിസ്റ്റന്റ് കമ്മിഷണർ പ്രതാപചന്ദ്രൻ, സി.ഐ. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: anandhu murder