തിരുവനന്തപുരം: നഗരത്തിൽ ചൊവ്വാഴ്ച വൈകീട്ട് രണ്ടുപേരെ തട്ടിക്കൊണ്ടുപോയിരുന്നു. പോലീസിന് ഒരാളെ ജീവനോടെ കിട്ടി. മറ്റൊരാളുടെ മൃതദേഹമാണ് പിറ്റേദിവസം കിട്ടിയത്. ആദ്യ പരാതി അന്വേഷിക്കാൻ വൈകിയതിനാൽ ഒരാൾ കൊല്ലപ്പെട്ടെങ്കിലും രണ്ടാമത് തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പോലീസ് ഉണർന്നു പ്രവർത്തിച്ചതിനാൽ ഒരാളുടെ ജീവൻ രക്ഷിക്കാനായി.

വൈകീട്ട് നാലരയോടെ കൊഞ്ചിറവിള സ്വദേശി അനന്തുവിനെ രണ്ടംഗസംഘം തട്ടിക്കൊണ്ടുപോയതായി പോലീസിനു പരാതി കിട്ടി. എന്നാൽ, ഈ പരാതി പോലീസ് ആദ്യം കാര്യമായി എടുത്തില്ല. രാത്രി ഏഴുമണിയോടെ തളിയൽ സ്വദേശി അരുൺ ബാബുവിനെ ആയുർവേദ കോളേജിനു സമീപത്തുനിന്ന്‌ ഒരു സംഘം ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയതായി പോലീസിനു വിവരം ലഭിച്ചു. ഉന്നതങ്ങളിൽ നിന്നുവരെ അരുൺ ബാബുവിനെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തണമെന്ന നിർദേശമെത്തി. ഇതോടെ പോലീസ് നഗരം മുഴുവൻ അരിച്ചുെപറുക്കാൻ തുടങ്ങി. തട്ടിക്കൊണ്ടുപോയവർ അപ്പോഴേക്കും അരുൺ ബാബുവിനെ കൊഞ്ചിറവിള രാജീവ്ഗാന്ധി ലൈബ്രറി കെട്ടിടത്തിൽ കൊണ്ടുവന്നിരുന്നു. ഓട്ടോയിലും കെട്ടിടത്തിലുംവെച്ച് അരുൺ ബാബുവിനെ മർദിച്ചു.

അരുൺ ബാബുവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയെന്നറിഞ്ഞതോടെ തട്ടിക്കൊണ്ടുവന്ന സംഘം അരുണിനെ വിട്ടയച്ചു. വിട്ടയച്ചിരുന്നില്ലെങ്കിൽ അനന്തുവിന്റെ സംഘത്തിൽപ്പെട്ടവർ അരുണിനെ വകവരുത്തിയേനെ. അരുൺ ബാബുവിനെ കാണാതാകുന്നതിനു മുമ്പ് അരുണിനെ തിരക്കി ഒരു സംഘം അരുണിന്റെ വീട്ടിൽ വന്നിരുന്നു. ഇവിടെ ഇല്ലെന്നും ആയുർവേദ കോളേജിനു സമീപം ക്ഷേത്രത്തിൽ വാദ്യമേളക്കാരോടൊപ്പം പോയിരിക്കുകയാണെന്നും തിരക്കിവന്നവരോടു ബന്ധുക്കൾ പറഞ്ഞു. ഇവിടെയെത്തിയ സംഘത്തിലെ ചിലർ ഓട്ടോയിൽ ആയുർവേദ കോളേജിനു സമീപമുള്ള ക്ഷേത്രത്തിലെത്തി അരുണിനെ തട്ടിക്കൊണ്ടുപോയി.

ഇതിനിടെ അരുണിനെ തിരക്കിവന്ന സംഘത്തിൽ ഉൾപ്പെട്ട ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്യുന്നതിനിടയിൽ കൊഞ്ചിറവിളയിൽനിന്നും തട്ടിക്കൊണ്ടുപോയ സംഘം വിട്ടയച്ച അരുൺ വീട്ടിലെത്തിയതായി പോലീസിനു വിവരം ലഭിച്ചു. അരുൺ ബാബുവിനെ തട്ടിക്കൊണ്ടുപോയതിന് കേസെടുത്തിരുന്നില്ലെങ്കിലും കാണ്മാനില്ലെന്ന പരാതിയുള്ളതിനാൽ അരുൺ ബാബുവിനെ മൊഴിയെടുക്കുന്നതിനായി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. എന്നിട്ട് നേരത്തെ കസ്റ്റഡിയിലെടുത്ത ആറുപേരെ വിട്ടയച്ചു.

എട്ടരയോടെ അനന്തുവിനെ കാണ്മാനില്ലെന്ന പരാതി ബന്ധുക്കൾ രേഖാമൂലം നൽകി. അനന്തുവിനെ വണ്ടിയിൽ കയറ്റിക്കൊണ്ടുപോയപ്പോൾ അരുൺ ബാബു സ്ഥലത്തുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ഇതോടെ പോലീസ് ഇയാളെ ചോദ്യംചെയ്തെങ്കിലും കഴിഞ്ഞയാഴ്ച കൊഞ്ചിറവിള ക്ഷേത്രത്തിൽ നടന്ന ഉത്സവവുമായി ബന്ധപ്പെട്ട് അടി നടന്നിരുന്നുവെന്നു മാത്രമാണ് ഇയാൾ പോലീസിനോടു പറഞ്ഞത്. എവിടെക്കൊണ്ടുപോയെന്നോ എന്തു ചെയ്തെന്നോ അരുൺ പോലീസിനോടു വെളിപ്പെടുത്തിയിരുന്നില്ല.

കൊലപാതകത്തിനു പിന്നിൽ 18 പേർ ഗൂഢാലോചനയ്ക്കു മദ്യവും മയക്കുമരുന്നും

അനന്തുവിനെ കൊലപ്പെടുത്തുന്ന ചൊവ്വാഴ്ച ഉച്ചയ്ക്ക് എട്ടംഗസംഘം ആഘോഷം നടത്തിയ ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളായി. കൊഞ്ചിറവിള ക്ഷേത്രോത്സവത്തിൽ തല്ലിയവരെ തിരിച്ചടിക്കണമെന്ന് ഇവർ പദ്ധതി തയ്യാറാക്കി.

ആഘോഷത്തിനു മദ്യവും മയക്കുമരുന്നുമുണ്ടായിരുന്നു. ആഘോഷം വീഡിയോയിൽ പകർത്തിയിരുന്നു. ഉത്സവ ദിവസം തല്ലിയവരിൽ ഉൾപ്പെട്ട കൊഞ്ചിറവിള സ്വദേശി അനന്തു എല്ലാ ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് അരുൺ ബാബു സംഘത്തിനു വിവരം നൽകി. ഇതനുസരിച്ച് വിഷ്ണു, അഭിലാഷ്, റോഷൻ എന്നിവർ തളിയൽ അരശുംമൂട് എത്തി. അനന്തു വണ്ടിനിർത്തിയ ശേഷം ബേക്കറിയിൽ ജ്യൂസ് കുടിക്കാൻ കയറി. ഇതിനിടെ വിഷ്ണു അനന്തുവിന്റെ ബൈക്കിന്റെ സ്പാർക്ക് പ്ലഗിലേക്കുള്ള വയർ വിച്ഛേദിച്ചു.

അഭിലാഷും റോഷനും കൂടി അനന്തുവിനെ അവർ വന്ന ബൈക്കിൽ കയറ്റി. ചിലർ ഇതു തടയാൻ ശ്രമിച്ചു. സ്ഥലവാസിയായ അരുൺ ബാബു നാട്ടുകാരോട് ഇതിൽ ഇടപെടരുതെന്നു വിലക്കി. അനന്തു വന്ന ബൈക്ക് വിഷ്ണു സ്റ്റാർട്ടാക്കിക്കൊണ്ടുപോയി. സൗഹൃദം നടിച്ചാണ് അഭിലാഷും റോഷനും അനന്തുവിനെ തട്ടിക്കൊണ്ടുപോയത്. കരമന, നീറമൺകര, കൈമനം എന്നിവിടങ്ങളിൽ പോലീസ് ഉണ്ടായിരുന്നതിനാൽ ഇവർ ബലപ്രയോഗം നടത്തിയിരുന്നില്ല.

anandhu murder

കൈമനത്ത് അനന്തുവിന്റെ ബൈക്ക് വെച്ചശേഷം അനന്തുവിനെ കാട്ടിലെ ഒളിസങ്കേതത്തിൽ കൊണ്ടുപോയി. അവിടെവെച്ച് ഇവർ അനന്തുവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു. ബഹളം പുറത്തുകേൾക്കാതിരിക്കാൻ വായമൂടിപിടിച്ചിരുന്നു. കൈയും കാലും വെട്ടി മുറിച്ചു. തലയിലും വെട്ടിപ്പരിക്കേൽപ്പിച്ചു. വൈകീട്ട് ഏഴുമണിയോടെ മരണം ഉറപ്പിച്ച ശേഷമാണ് സംഘം പിരിഞ്ഞത്.

കൊലപാതകം പുറത്തറിഞ്ഞത് പ്രതികളിൽ ഒരാളുടെ വെളിപ്പെടുത്തലോടെ

പോലീസ് പിടിയിലായ അഞ്ചു പ്രതികളിൽ ഒരാളുടെ വെളിപ്പെടുത്തലാണ് പോലീസിനെ വട്ടംചുറ്റിച്ച കൊലക്കേസിനു തുമ്പുണ്ടാക്കിയത്. പ്രതികളിലെ ഒരാൾ അയാളുടെ അച്ഛനോടു സംഭവത്തെക്കുറിച്ചു പറഞ്ഞു. മുമ്പ് ഒരു കൊലക്കേസിൽ പ്രതിയായ അച്ഛൻ ഇയാളുടെ സുഹൃത്ത് മുഖാന്തരം പോലീസിനെ വിവരമറിയിച്ചു. പോലീസിനു ലഭിച്ച വിവരമനുസരിച്ച് പോലീസ് അവിടെ ആദ്യം പരിശോധിച്ചെങ്കിലും ഒന്നും കണ്ടില്ല. പോലീസിനു തെറ്റായ വിവരം നൽകിയെന്നാണ് പോലീസ് ധരിച്ചത്. അന്വേഷണം വഴിതെറ്റിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണെന്നും പോലീസ് കരുതി. കൃത്യമായ സ്ഥലം പറഞ്ഞുകൊടുത്തതോടെ പോലീസ് വീണ്ടും അവിടെയെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

പേടിസ്വപ്നമാകുന്നു നീറമൺകരയിലെ കാടുമൂടിയ ഭൂമി      

യുവാവിനെ കഴിഞ്ഞ ദിവസം കൊന്നുതള്ളിയ നീറമൺകരയിലെ കാടുപിടിച്ചസ്ഥലം നാട്ടുകാർക്കു പേടിസ്വപ്നമായി മാറുകയാണ്. ക്രിമിനൽ സംഘങ്ങൾക്ക് ഒത്തുകൂടാനൊരു താവളമായിരുന്നു കരമന-കളിയിക്കാവിള ദേശീയപാതയിൽ കൈമനം വനിതാ പോളിടെക്‌നിക്കിനും ബൈക്ക് ഷോറൂമിനും ഇടയ്ക്കുള്ള കാടുകയറിക്കിടക്കുന്ന പുരയിടം.

ഇരുപത്തിയഞ്ച് വർഷങ്ങൾക്കു മുമ്പ് പഴയ നേമം പഞ്ചായത്തായിരുന്നപ്പോൾ ടെലികോം അവിടെ താമസിച്ചിരുന്നവരെ കുടിയൊഴിപ്പിച്ച് ഏറ്റെടുത്ത ഭൂമിയാണിത്. പത്തേക്കറിലധികം വരുന്ന വിശാലമായ സ്ഥലം ആർക്കും പ്രയോജനമില്ലാതെ കാടുപിടിച്ചുകിടക്കുകയാണ്. ടെലികോം മാറി ബി.എസ്.എൻ.എൽ. ആയതോടെ ഈ ഭൂമി അനാഥമായി. കഞ്ചാവ് സംഘങ്ങളുടെ താവളമായി ഈ സ്ഥലം മാറിയതോടെ കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയിൽ അയ്യൻകാളിയുടെ പേരിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാനായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടായിരുന്നുവെന്ന് ബി.ജെ.പി. നേമം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നീറമൺകര ഹരി പറഞ്ഞു. നേരത്തെ ഇവിടെ മതിലുണ്ടായിരുന്നുവെങ്കിലും കരമന-കളിയിക്കാവിള ദേശീയപാത വികസനം വന്നപ്പോൾ മതിൽ ഇടിക്കുകയായിരുന്നു. അതിനുശേഷം മാലിന്യങ്ങൾ തള്ളാനും ക്രിമിനൽസംഘങ്ങൾക്ക് ഒളിത്താവളവുമായി ഇത് മാറി. നീറമൺകര എൻ.എസ്.എസ്. വനിതാ കോളേജിനും നാൽപ്പത്തിനാലാം കോളനിവരെയും നീണ്ടുകിടക്കുന്നതാണ് ഈ സ്ഥലം. കഞ്ചാവ് വില്പന-ഗുണ്ടാസംഘങ്ങളുടെ വിഹാരകേന്ദ്രമായി ഈ സ്ഥലം മാറിയിട്ടും പോലീസ് അറിഞ്ഞില്ലെന്നത് ആരും വിശ്വസിക്കുന്നില്ല. നാട്ടുകാരും പൊതുപ്രവർത്തകരും പലപ്പോഴായി കരമന പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ് ഈ സ്ഥലത്തു നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച്. കാടുപിടിച്ച് വിജനമായി കിടക്കുന്ന ഈ സ്ഥലത്ത് ദിവസങ്ങളോളം പല ക്രിമിനലുകളും താമസിച്ചിട്ടുണ്ടാകാമെന്ന് നാട്ടുകാരും ഉറപ്പിക്കുന്നു. മുമ്പ് നീറമൺകരയിലെ ശിവക്ഷേത്രത്തിലെ ഉത്സവത്തിന് തോലുവെട്ടാൻ പോയവർ കാട്ടിനുള്ളിലെ പൊളിഞ്ഞ കെട്ടിടത്തിൽ പായും തലയണയുമടക്കം കണ്ടിട്ടുണ്ട്.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും വരുന്ന ക്രിമിനൽ സംഘത്തിൽപ്പെട്ടവർ മയക്കുമരുന്നും മദ്യവും ഉപയോഗിക്കാൻ തിരഞ്ഞെടുത്തതും ആരും ശ്രദ്ധിക്കാത്ത ഈ പ്രദേശംതന്നെ. കരമന കേന്ദ്രീകരിച്ച് കഞ്ചാവ് സംഘത്തിന്റെ പ്രവർത്തനം ശക്തമാണെന്നു പരാതിയുണ്ട്. നീറമൺകരയ്ക്കു പുറമേ കരമന ആറിനോടു ചേർന്ന അമൃതനഗർ ഭാഗങ്ങളിലും കഞ്ചാവ് വില്പനയും ഉപയോഗവും കൂടിവരുന്നതായി പറയുന്നു. കൊഞ്ചിറവിള സ്വദേശിയായ അനന്തുവിനെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇവിടെയെത്തിക്കാനും ക്രൂരമായി കൊലപ്പെടുത്താനും സാധിച്ചത് കൊലയാളി സംഘത്തിൽപ്പെട്ടവർ ഈ താവളത്തിലെ പതിവുകാരായിരുന്നുവെന്നതിനു തെളിവാണ്.

കാട്ടിനുള്ളിലെ പൊളിഞ്ഞ കെട്ടിടത്തിലേക്കു നടന്നുപോകുന്ന വഴി തെളിഞ്ഞുകാണാമായിരുന്നു. ഇത് പലരും പതിവായി ഇവിടേക്കു വന്നുപോയിരുന്നുവെന്നതാണ് കാണിക്കുന്നത്.

Content Highlights: anandhu murder