തിരുവനന്തപുരം: കരമനയിൽ അതിക്രൂരമായി യുവാവിനെ കൊലപ്പെടുത്തിയതിന്റെ ആസൂത്രണത്തിനും നടപ്പാക്കലിനും നേതൃത്വം നൽകിയത്‌ മൂന്നു സഹോദരങ്ങൾ. കൈമനം സ്വദേശികളും ഇപ്പോൾ പാപ്പനംകോട്ട് താമസിക്കുന്നവരുമായ വിഷ്ണുരാജ്, വിനീഷ് രാജ്, വിജയരാജ് എന്നിവരാണ് കൊലയ്ക്ക് നേതൃത്വം നൽകിയത്.

ഇളയ സഹോദരനായ വിജയരാജിനാണ് അനന്തുവുമായി ശത്രുതയുണ്ടായിരുന്നത്. ഇവർ തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. കൊഞ്ചിറവിള ഉത്സവത്തിന് ആദ്യ ദിവസവും വിളക്കുകെട്ട് ദിവസവും ഇവർ തമ്മിൽ അടിപിടിയുണ്ടായിരുന്നു. ഈ ഏറ്റുമുട്ടലിൽ വിജയരാജിന് പരിക്കേറ്റിരുന്നു. ഇതാണ് ശത്രുത വർധിപ്പിച്ചത്.

മദ്യവും ലഹരിയും ഉപയോഗിച്ചുള്ള സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെയാണ് പ്രതികാരം ചെയ്യണമെന്ന ചർച്ച വന്നത്. അപ്പോഴാണ്‌ അനന്തു തളിയലിൽ എത്താറുണ്ടെന്ന വിവരം ലഭിച്ചത്. ഉടൻ തന്നെ പ്രതികാരത്തിനുള്ള നടപടികൾ തുടങ്ങി. മൂത്ത സഹോദരനായ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അനന്തുവിനെ കൈമനത്തെ ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ചത്.

തുടർന്ന് ക്രൂരമായി പീഡിപ്പിച്ചതിന് നേതൃത്വം നൽകിയതും വിഷ്ണുവായിരുന്നു. അനന്തുവിന്റെ ശരീരത്തിൽ മുറിവുകളുണ്ടാക്കിയതും മാംസം ചെത്തി മാറ്റിയതും മൂന്നുപേരുമാണെന്നാണ് പോലീസ് പറയുന്നത്.

കൈമനത്തിന് സമീപത്തെ ബണ്ട് കേന്ദ്രീകരിച്ചാണ് ഈ സംഘങ്ങളുടെ പ്രവർത്തനം. മൂന്ന് സഹോദരങ്ങളും നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വിജയരാജ് നിരവധി ആക്രമണക്കേസുകളിലും പ്രതിയാണ്‌. എന്നാൽ ഇയാൾ മാനസികരോഗിയാണെന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കേസുകളിൽ നിന്നും രക്ഷപ്പെടാൻ ശ്രമം നടത്തുന്നുണ്ടെന്നും പോലീസ് പറയുന്നു. പക്ഷേ, ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പോലീസ് സംശയം. ക്രിമിനൽ കേസുകളിൽ നിന്നും രക്ഷപ്പെടാനും മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും ഇയാൾ ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മയക്കുമരുന്നു മാഫിയ സംഘങ്ങളുമായും ഇവർക്ക് ബന്ധമുണ്ട്. ഇവരുടെ എതിർസംഘത്തിൽപ്പെട്ടയാളാണ് അനന്തു.

Content Highlights: anandhu muder; murder planned by brothers