ചെന്നൈ: നവജാത ശിശുക്കളെ വില്‍പ്പന നടത്തിയിരുന്ന മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍. ചെന്നൈയിലെ രാസിപുരത്ത്  നിന്നാണ് രാസിപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍ നഴ്‌സായ അമുദയെയും ഭര്‍ത്താവ് രവി ചന്ദ്രനെയും ചെന്നൈ നാമക്കല്‍ പോലീസ് പിടികൂടിയത്.

അമുദയും ഇടപാടുകാരനും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പ്രത്യേക അന്വേഷണത്തിലൂടെയാണ് വ്യാഴാഴ്ച ദമ്പതികളെ പിടികൂടിയത്. കുഞ്ഞിനെ വാങ്ങാന്‍ സഹായിക്കാമെന്നും വിലയും മറ്റു വിവരങ്ങളും അമുദ കൃത്യമായി ഫോണിലൂടെ പറയുന്നുണ്ട്. 

ഒന്നിലധികം കുഞ്ഞുങ്ങളുള്ള പാവപ്പെട്ടവരുടെ കുട്ടികള്‍, അവിവാഹിതരായ ഗര്‍ഭിണികളുടെ കുട്ടികള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകളുടെ കുട്ടികള്‍ എന്നിവരെയാണ് ഇവര്‍ പ്രധാനമായും വില്‍പ്പന നടത്തിയിരുന്നത്. കുഞ്ഞിന്റെ ലിംഗം, നിറം, തൂക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ കുട്ടിക്കും വിലയിട്ടിരിക്കുന്നത്. പെണ്‍കുഞ്ഞാണെങ്കില്‍ 2.70 ലക്ഷം മുതല്‍ 3 ലക്ഷം വരെയും ആണ്‍കുഞ്ഞാണെങ്കില്‍ 4 ലക്ഷം മുതല്‍ 4.5 ലക്ഷം വരെയാണ് വാങ്ങുന്നത്. ഇരുനിറമുള്ള കുട്ടിയാണെങ്കില്‍ 3.5 ലക്ഷം മുതല്‍ വരെയും 3.7 ലക്ഷം വരെയും വാങ്ങുമെന്നാണ് അമുദ ഫോണിലൂടെ പറയുന്നത്.

കൂടാതെ കുട്ടികള്‍ക്ക് ഒറിജിനല്‍ ജനന ജനനസര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. ഇടപാടുകാരന്റെ കുഞ്ഞാണെന്ന് കാണിച്ചു കൊണ്ടുള്ളതാണ് കുഞ്ഞിന്റെ ജനന  സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കുന്നത്. ഇതിന് 70,000 രൂപ വേറെയും വാങ്ങും. ഇടപാടു നടത്തുന്നതിന് മുന്നോടിയായി ഇടപാടുകാരില്‍ നിന്ന് 30,000 രൂപ അഡ്വാന്‍സ് വാങ്ങിയതിന് ശേഷം അമുദയുടെ വീട്ടില്‍ വെച്ചാണ് കുഞ്ഞിനെ കൈമാറുന്നത്.

മുപ്പതു വര്‍ഷത്തോളം നഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന അമുദ 4500ഓളം നവജാത ശിശുക്കളെ വിറ്റിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഏഴ് വര്‍ഷം മുമ്പ് അമുദ ജോലിയില്‍ നിന്ന് ബിസിനസ്സ് തുടങ്ങാനെന്ന് പറഞ്ഞ് സ്വയം വിരമിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയവരികയാണെന്നാണ് നാമക്കല്‍ പോലീസ് സൂപ്രണ്ട് അറുലരസു പറഞ്ഞു.

Content HIghlights: An audio clip of her boasting about her ‘experience’ to a buyer helps nail duo