കോട്ടയം: ലൈസന്‍സ് എടുക്കാന്‍ വരുന്നവരില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി. കാഞ്ഞിരപ്പള്ളി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ എ.എം.വി.ഐ. പി.എസ്.ശ്രീജിത്തിനെയാണ് കിഴക്കന്‍ മേഖലാ വിജിലന്‍സ് സൂപ്രണ്ട് വി.ജിവിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കൈക്കൂലി പണമായ 6850 രൂപ ഇയാളില്‍നിന്ന് വിജിലന്‍സ് കണ്ടെടുത്തു.

ചൊവ്വാഴ്ച വൈകീട്ട് നടത്തിയ മിന്നല്‍ പരിശോധനയില്‍ പൊന്‍കുന്നം-പാലാ ഹൈവേയില്‍ പഴയ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് മുന്‍പില്‍ (അട്ടിക്കല്‍ ജങ്ഷന്‍) ഏജന്റിന്റെ പക്കല്‍നിന്നാണ് പണംവാങ്ങിയത്.

ചൊവ്വാഴ്ച ആര്‍.ടി.ഓഫീസിലെ രജിസ്റ്ററില്‍ 380 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്നും കണ്ടെത്തി. കാഞ്ഞിരപ്പള്ളി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെത്തി നടത്തിയ പരിശോധനയില്‍ ഓഫീസിനുള്ളിലുണ്ടായിരുന്ന ഏജന്റിന്റെ പക്കല്‍നിന്ന് ആര്‍.ടി.ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്കുമാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നതിനായി കൊണ്ടുവന്ന കണക്കില്‍പെടാത്ത 5500 രൂപയും കണ്ടെടുത്തു.

ഏജന്റ് മുഖേന രജിസ്റ്റര്‍ ചെയ്ത 54 വാഹനങ്ങളുടെ നമ്പരും ഓരോ നമ്പരിനുംനേരേ 50 രൂപ വീതം രേഖപ്പെടുത്തിയ ലിസ്റ്റും കണ്ടെടുത്തിട്ടുണ്ട്. ഓരോ പുതിയ വാഹനവും രജിസ്റ്റര്‍ചെയ്യുന്നതിന് 50 രൂപവീതം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്കുമാര്‍ക്ക് നല്‍കണമെന്നും അതിനായി ഓഫീസിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ ലിസ്റ്റാണെന്നും ഏജന്റ് മൊഴിനല്‍കി.

തുടര്‍ന്ന് ഈ തുകയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ച് നിരവധി പരാതികള്‍ ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായിരുന്നുവെന്നും വിജിലന്‍സ് എസ്.പി. പറഞ്ഞു. മിന്നല്‍പരിശോധനയില്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ റെജി എം. കുന്നിപ്പറമ്പന്‍, സജു എസ്.ദാസ്, പോലീസ് ഉദ്യോഗസ്ഥരായ ബിജു കെ.ജി., ബിനു ഡി., മനോജ് വി.എസ്., അരുണ്‍ ചന്ദ്, അനില്‍ കെ.സോമന്‍, സജീവന്‍, രാഹുല്‍ രവി തുടങ്ങിയവരും ഉണ്ടായിരുന്നു.