കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാം ഒട്ടേറെ മൃഗങ്ങളേയും ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയാക്കി. കഴിഞ്ഞ ഫിബ്രവരിയില്‍  ലൈംഗികാവയവം ഛേദിക്കപ്പെട്ട നിലയില്‍ ഒരാടിനെ കണ്ടെത്തിയ സംഭവത്തിലും അമീര്‍ ഉള്‍ ഇസ്ലാമിന് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

താമസിച്ചിരുന്ന ലോഡ്ജിന് സമീപത്തെ ഒട്ടേറെ മൃഗങ്ങളെ അമീര്‍ ഉള്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ്  കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ചില ദൃശ്യങ്ങള്‍ അമീറിന്റെ ഫോണില്‍നിന്നു തന്നെ പോലീസിന് ലഭിക്കുകയും ചെയ്തു. താന്‍ മൃഗങ്ങളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യം അമീര്‍ തന്നെ ചോദ്യം ചെയ്യല്ലിന്റെ ആദ്യഘട്ടത്തില്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. 

പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മൃഗങ്ങളെ ലൈംഗികവൈകൃതത്തിനിരയാക്കിയതിനും  ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി ലൈംഗികവൈകൃതങ്ങള്‍ ശീലമാക്കിയ ആളാണെന്ന് കോടതിയെ ബോധിപ്പാക്കാന്‍ ഇത് അന്വേഷണസംഘത്തെ സഹായിക്കും. മൃഗങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്ന സ്വഭാവം അമീറിനുണ്ടെന്ന് ഇയാളുടെ ചില സുഹൃത്തുകളും നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.

അതേ സമയം ആലുവ പോലീസ് ക്ലബിലുള്ള അമീര്‍ ഉള്‍ ഇസ്ലാമിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ ഉടന്‍ അവശേഷിക്കുന്ന സാക്ഷികളുടെ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് പോലീസിന്റെ തീരുമാനം. തിരിച്ചറിയല്‍ പരേഡിന് ശേഷമായിരിക്കും പെരുമ്പാവൂരിലേക്കും അസമിലേക്കും തമിഴ്‌നാട്ടിലേക്കും പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോകുക.