കോയമ്പത്തൂര്‍: ഏറെ ദുരൂഹതനിറഞ്ഞതും വിവാദവുമായ അമ്മാസൈ കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു. അഭിഭാഷകനായിരുന്ന ഇ.ടി. രാജവേലാണ് (53) മരിച്ചത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ജയിലില്‍ ശിക്ഷയനുഭവിച്ചു വരികയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിയോടെ തോര്‍ത്തുമുണ്ട് ഉപയോഗിച്ച് തൂങ്ങിമരിക്കാന്‍ ശ്രമിക്കയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ ഇയാളെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെ മരണമടഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

Read Also: സുകുമാരക്കുറുപ്പിനെ വെല്ലുന്ന കേസ്, മരിച്ച മോഹന രജിസ്ട്രാര്‍ ഓഫീസില്‍;തെളിഞ്ഞത് ആള്‍മാറാട്ട കൊലപാതകം

2011-ല്‍ കുടുംബവഴക്കില്‍ സഹായം തേടിയെത്തിയ അമ്മാസൈയെ രാജവേല്‍ വക്കീല്‍ ഓഫീസില്‍വെച്ച് മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തിയശേഷം ഭാര്യയുടെപേരില്‍ മരണസര്‍ട്ടിഫിക്കറ്റ് കൈക്കലാക്കിയിരുന്നു. ഒഡിഷയില്‍ 12കോടിരൂപയുടെ തട്ടിപ്പ് നടത്തിയതിന് ഇയാളുടെ ഭാര്യ ആര്‍. മോഹനയെ പോലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. കേസില്‍നിന്ന് രക്ഷനേടാന്‍ ഭാര്യയ്ക്കുപകരം ആള്‍മാറാട്ടംനടത്തി അമ്മാസൈയെ കൊലപ്പെടുത്തുകയായിരുന്നു. ഒരുവര്‍ഷത്തിനകം കേസുമായി ബന്ധപ്പെട്ട് ഇവരെല്ലാം അറസ്റ്റിലായിരുന്നു. 2020 നവംബര്‍ 30നാണ് ഇരട്ട ജീവപര്യന്തം അഭിഭാഷക ദമ്പതിമാര്‍ക്ക് ലഭിച്ചത്.