ദെഹ്റാദൂൺ: അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ച് ഋഷികേശിൽ അമേരിക്കൻ യുവതിയെ അറസ്റ്റ് ചെയ്തു. ഗംഗ നദിക്ക് കുറുകെയുള്ള ലക്ഷ്മൺ ജൂല തൂക്കുപാലത്തിൽവെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നും അത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും ആരോപിച്ചാണ് 30-കാരിയെ പോലീസ് അറസ്റ്റ് ചെയ്തത്.

പരസ്യമായി അശ്ലീല വീഡിയോ ചിത്രീകരിച്ച യുവതി ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്തെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അതേസമയം, തനിക്കെതിരേ ആരോപിച്ച കുറ്റങ്ങൾ അമേരിക്കൻ യുവതി നിഷേധിച്ചു. തന്റെ ഓൺലൈൻ ബിസിനസിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് യുവതിയുടെ വാദം.

രണ്ട് മാസം മുമ്പ് ഒരു ഫ്രഞ്ച് വനിതാ ഫോട്ടോഗ്രാഫറെയും സമാന കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മൺ ജൂലാ പാലത്തിൽവെച്ച് ഫോട്ടോഷൂട്ട് നടത്തിയതിന് പിന്നാലെയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ച് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Content Highlights:american woman arrested in rishikesh for shooting obscene video at laxman jhula bridge