നെയ്യാറ്റിന്‍കര: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയുടെ മൊബൈല്‍ഫോണ്‍ വാഴിച്ചലിനു സമീപം ആളൊഴിഞ്ഞ പുരയിടത്തിലെ കുറ്റിക്കാട്ടില്‍നിന്നു കണ്ടെടുത്തു. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഫോണ്‍ തകര്‍ത്ത് ഉപേക്ഷിക്കുകയായിരുന്നു. പ്രതികളായ രാഹുല്‍, അഖില്‍, ആദര്‍ശ് എന്നിവരെ വാഴിച്ചലില്‍ എത്തിച്ച് തെളിവെടുക്കുമ്പോഴാണ് ഫോണ്‍ ലഭിച്ചത്.
രാഖിയുടെ സിംകാര്‍ഡ് ഇടാനായി പ്രതികള്‍ വാങ്ങിയ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പ്രധാന പ്രതി അഖിലിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തിരുന്നു. രാഖിയുടെ മൊബൈല്‍ഫോണ്‍ കൊലപാതകത്തിനു ശേഷം വാഴിച്ചലിനു സമീപം കളിവിളാകത്ത് പാതയോരത്തെ ആളൊഴിഞ്ഞ പറമ്പില്‍ വലിച്ചെറിയുകയായിരുന്നു. ഫോണ്‍ പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. സിംകാര്‍ഡ് ലഭിച്ചില്ല. ഇതിനായുള്ള തിരച്ചിലും പോലീസ് നടത്തുന്നുണ്ട്.
അന്വേഷണം വഴിതെറ്റിക്കാനായി രാഖിയുടെ സിംകാര്‍ഡ് പുതിയ ഫോണിലിട്ട് പ്രതികള്‍ രാഖിയുടെ വീട്ടുകാര്‍ക്ക് സന്ദേശങ്ങളയച്ചിരുന്നു. ഈ ഫോണ്‍ വാങ്ങിയ കാട്ടാക്കടയിലെ കടയിലും പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. കടയുടമ ഇവരെ തിരിച്ചറിഞ്ഞു. രാഖിയെ കൊലപ്പെടുത്താനായി മൂവരും ആദ്യമായി ഗൂഢാലോചന നടത്തിയ കുമ്പിച്ചല്‍ കടവിലും പ്രതികളെയെത്തിച്ച് തെളിവെടുത്തു.
കൊല്ലപ്പെടുമ്പോള്‍ രാഖി ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഭാഗങ്ങളും ലഭിച്ചു. പല സ്ഥലങ്ങളിലായി പ്രതികള്‍ വസ്ത്രം മുറിച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു. പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും.
Content Highlights: Amboori Murder Case; Rakhi's Mobile Phone Found