നെയ്യാറ്റിൻകര: അമ്പൂരിയിൽ കൊല്ലപ്പെട്ട തിരുപുറം പുത്തൻകട ജോയ് ഭവനിൽ രാഖി(30)യുടെ ബാഗും വസ്ത്രങ്ങളും കണ്ടെടുത്തു. വസ്ത്രങ്ങൾ പാലക്കാട് ശ്രീകൃഷ്ണപുരത്തു നിന്നും ബാഗ് മണ്ണാർക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നുമാണ് കണ്ടെടുത്തത്. രണ്ടും മൂന്നും പ്രതികളായ രാഹുലും ആദർശും ചേർന്നാണ് ഇവ പല സ്ഥലത്തായി ഉപേക്ഷിച്ചത്. കസ്റ്റഡി കാലാവധി കഴിയുന്നതിനാൽ പ്രതികളെ ചൊവ്വാഴ്ച നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

ഞായറാഴ്ച അന്വേഷണ സംഘം ശ്രീകൃഷ്ണപുരത്ത് തിരച്ചിൽ നടത്തിയെങ്കിലും ബാഗ് കണ്ടെത്താനായില്ല. ഇതിനു ശേഷം രാഹുലിന്റെ സുഹൃത്തിന്റെ ശ്രീകൃഷ്ണപുരത്തെ വീട്ടിൽ പോയി. സുഹൃത്തിനെ സംഘം ചോദ്യം ചെയ്തു. വസ്ത്രങ്ങൾ ബാഗിൽ നിന്നു വേറെ പ്ലാസ്റ്റിക് കവറിലാക്കി ശ്രീകൃഷ്ണപുരത്ത് ഉപേക്ഷിച്ചെന്ന് രാത്രിയോടെ രാഹുൽ വ്യക്തമാക്കി.

ഇതിനെത്തുടർന്ന് രാത്രി വൈകിയും അന്വേഷണസംഘം തിരച്ചിൽ നടത്തി. അപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കിയ വസ്ത്രങ്ങൾ കണ്ടെടുത്തത്. ഗുരുവായൂരിൽ നിന്ന്‌ രാഖിയുടെ ബാഗുമായി രാഹുലും ആദർശും ശ്രീകൃഷ്ണപുരം വഴിയുള്ള കെ.എസ്.ആർ.ടി.സി. ബസിൽ കയറി. ബാഗ് ബസിന്റെ സൈഡ് സ്റ്റാൻഡിൽ ഉപേക്ഷിച്ച ശേഷം ഇതിനകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ കവറിലാക്കി പ്രതികൾ ശ്രീകൃഷ്ണപുരത്തിറങ്ങി.

ശ്രീകൃഷ്ണപുരത്ത് ഓടയിൽ കവർ ഇട്ട ശേഷം ഇരുവരും സുഹൃത്തിന്റെ വീട്ടിലേക്കു പോയി. പിന്നീട് തൃശ്ശൂരിലേക്കു പോയെന്നാണ് മൊഴി നൽകിയിട്ടുള്ളത്.

ബസിൽ ഉപേക്ഷിച്ച നിലയിലായ ബാഗ് ഉടമയില്ലാത്തതിനാൽ കണ്ടക്ടർ ഡിപ്പോയിൽ സൂക്ഷിച്ചു. പ്രതികൾ കയറിയ ദിവസത്തെ ബസ് നമ്പർ വച്ച് പോലീസ് കണ്ടക്ടറെ കണ്ടെത്തി. ഇദ്ദേഹത്തോട് അന്വേഷിച്ചാണ് ഡിപ്പോയിൽ സൂക്ഷിച്ച ബാഗ് കണ്ടെടുത്തത്.

ബാഗും വസ്ത്രങ്ങളും കണ്ടെടുത്തതിനെത്തുടർന്ന് പ്രതികളുമായി അന്വേഷണസംഘം തിരികെ പൂവാറിലെത്തി. ഇൻസ്പെക്ടർ ബി.രാജീവ്, എസ്.ഐ. ആർ.സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പു നടന്നത്.

പ്രതികളുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും. അതിനാൽ രാവിലെ പ്രതികളെ ആശുപത്രിയിൽ ഹാജരാക്കിയതിനു ശേഷം നെയ്യാറ്റിൻകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനായി അന്വേഷണസംഘം കോടതിയോട് ആവശ്യപ്പെടും. നേരത്തേ പത്തു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. കോടതി ആറുദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.

രാഖിയുടെ ഒരു ചെരിപ്പും സിംകാർഡും കണ്ടെത്താനായില്ല

രാഖി കൊല്ലപ്പെടുമ്പോൾ ധരിച്ചിരുന്ന ഒരു ചെരിപ്പും മൊബൈൽ ഫോണിന്റെ സിംകാർഡും ഇതുവരെ അന്വേഷണസംഘത്തിനു കണ്ടെത്താനായില്ല. ഒരു ചെരിപ്പ് അമ്പൂരിയിലെ അഖിലിന്റെ നിർമാണത്തിലിരിക്കുന്ന വീടിനടുത്തുള്ള റബ്ബർത്തോട്ടത്തിൽനിന്നു ലഭിച്ചിരുന്നു. സിംകാർഡ് പൊട്ടിച്ച ശേഷം കാട്ടാക്കടയ്ക്കു സമീപം ഉപേക്ഷിച്ചെന്നാണ് പ്രതികൾ മൊഴിനൽകിയത്.

Content Highlights: Amboori Rakhi Murder case, Rakhi's bag and dress found from K.S.R.T.C. bus depot and canal