തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ടിക്ടോക് താരം വടക്കാഞ്ചേരി കുമ്പളങ്ങാട്ട് കള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ(അമ്പിളി-19)യെ പോലീസ് പിടികൂടിയത് ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കേസെടുത്തതോടെ ടിക്ടോകിലും സാമൂഹികമാധ്യമങ്ങളിലും അമ്പിളി എന്ന പേരിലറിയപ്പെടുന്ന വിഘ്നേഷ് ഒളിവിൽ പോവുകയായിരുന്നു. ഒടുവിൽ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തന്ത്രപൂർവം കെണിയൊരുക്കിയാണ് വിഘനേഷിനെ പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ വർഷമാണ് തൃശ്ശൂർ വെള്ളിക്കുളങ്ങര സ്വദേശിയായ 17-കാരിയുമായി ടിക്ടോക് താരമായ അമ്പിളി പരിചയത്തിലാകുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച അമ്പിളി പെൺകുട്ടിയെ നേരിൽ കാണുകയും ചെയ്തിരുന്നു. ബൈക്കിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ആഴ്ചകൾക്ക് മുമ്പ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് സംഭവിച്ച കാര്യങ്ങൾ പെൺകുട്ടി പറയുകയും വീട്ടുകാർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

പോക്സോ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തതോടെ അമ്പിളി ഒളിവിൽപോയി. തൃശ്ശൂർ തിരൂരിലുള്ള ഒരു ബന്ധുവീട്ടിലാണ് യുവാവ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ കോഴിക്കോട്ടുനിന്ന്‌ വിദേശത്തേക്ക് കടക്കാനും പദ്ധതിയിട്ടിരുന്നു. ഈ സമയത്താണ് അമ്പിളി പാസ്പോർട്ടിനായി അപേക്ഷിച്ചിരുന്ന വിവരം പോലീസ് അറിഞ്ഞത്. തുടർന്ന് അമ്പിളിയുടെ പേരിലുള്ള പാസ്പോർട്ട് വന്നിട്ടുണ്ടെന്നും കൈപ്പറ്റണമെന്നുമുള്ള 'കള്ളക്കഥ' പോലീസ് തയ്യാറാക്കി. ഇക്കാര്യം പോസ്റ്റ് ഓഫീസുകാരുടെ സഹായത്തോടെ അമ്പിളിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു.

പാസ്പോർട്ട് വന്നിട്ടുണ്ടെന്ന് അറിഞ്ഞതോടെ അമ്പിളിയുടെ പിതാവ് അമ്പിളിയെ ഇക്കാര്യം അറിയിക്കാൻ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ബൈക്കിൽ ബന്ധുവീട്ടിലേക്ക് പോയി. അമ്പിളിയുടെ വീടിന് ചുറ്റും നിരീക്ഷണം ഏർപ്പെടുത്തിയിരുന്ന പോലീസ് സംഘം പിതാവിനെ പിന്തുടർന്നു. തുടർന്നാണ് തിരൂരിലെ ബന്ധുവീട്ടിൽനിന്ന് അമ്പിളിയെ കൈയോടെ പിടികൂടിയത്.

പോക്സോ വകുപ്പുകൾക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും അമ്പിളിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിക്കുളങ്ങര സി.ഐ. എം.കെ. മുരളി, എസ്.ഐ. ഉദയകുമാർ, സിപിഒമാരായ അഖിൽ, സജീവ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

ടിക്ടോക് വീഡിയോകളിലൂടെയാണ് അമ്പിളി സാമൂഹികമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. അമ്പിളിയുടെ വീഡിയോകളെ യൂട്യൂബിൽ 'റോസ്റ്റിങ്' ചെയ്തപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പല ചർച്ചകളും ഉയർന്നുവന്നിരുന്നു. ടിക് ടോകിന് പൂട്ടുവീണതിന് പിന്നാലെ ഇൻസ്റ്റഗ്രാം റീൽസിലും വീഡിയോകളുമായി അമ്പിളി സജീവമായിരുന്നു.

Content Highlights:ambili tiktok star arrested for raping minor girl and impregnating her