ബെംഗളൂരു: അന്താരാഷ്ട്ര സുഗന്ധലേപനവിപണിയില്‍ 80 കോടി രൂപ വിലമതിക്കുന്ന തിമിംഗില വിസര്‍ജ്യം (ആംബര്‍ഗ്രിസ്) ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) പിടിച്ചെടുത്തു. ബെംഗളൂരുവിലെ ഗോഡൗണില്‍ ഒളിപ്പിച്ചിരുന്ന 80 കിലോഗ്രാം തിമിംഗില വിസര്‍ജ്യമാണ് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ മുജീബ് പാഷ (48), മുന്ന എന്ന മുഹമ്മദ് (45), ഗുദ്ദു എന്ന ഗുലാബ്ചന്ദ് (40), സന്തോഷ് (31), റായ്ച്ചൂര്‍ സ്വദേശി ജഗനാഥ ആചാര്‍ (52) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ തിമിംഗില വിസര്‍ജ്യം വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് ബെംഗളൂരു സിറ്റി പോലീസ് (ക്രൈം) ജോയന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

അനധികൃതമായി തിമിംഗില വിസര്‍ജ്യം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സി.സി.ബി. ഉദ്യോഗസ്ഥര്‍ ബെംഗളൂരുവിലെ ഗോഡൗണില്‍ റെയ്ഡ് നടത്തുകയായിരുന്നു. കര്‍ണാടകത്തില്‍ ഇത്രയുംവലിയ തിമിംഗില വിസര്‍ജ്യവേട്ട ആദ്യമായിട്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേന്ദ്ര വനം-പരിസ്ഥിതിവകുപ്പ് നിയമപ്രകാരം തിമിംഗില വിസര്‍ജ്യം കൈവശംവെക്കുന്നതും വ്യാപാരം നടത്തുന്നതും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഔഷധങ്ങളും സുഗന്ധദ്രവ്യങ്ങളും നിര്‍മിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.

കഴിഞ്ഞദിവസം കുശാല്‍നഗറില്‍ എട്ടുകോടിരൂപ വിലമതിക്കുന്ന തിമിംഗില വിസര്‍ജ്യവുമായി കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ നാലു പേരെ പിടികൂടിയിരുന്നു. കഴിഞ്ഞ ജൂണില്‍ ബെംഗളൂരുവില്‍ എട്ടുകോടിരൂപ വിലമതിക്കുന്ന തിമിംഗില വിസര്‍ജ്യം പിടിച്ചെടുത്തിരുന്നു.