ജയ്പുര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ പരാതി നല്‍കാനെത്തിയ യുവതിയെ പീഡിപ്പിച്ച എസ്.ഐ. അറസ്റ്റില്‍. ആല്‍വാര്‍ ഖേര്‍ലി പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ ഭരത് സിങ്ങിനെ(54)യാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് രണ്ടാം തീയതിയാണ് പോലീസ് സ്‌റ്റേഷനിലെത്തിയ 26-കാരിയെ എസ്.ഐ. ലൈംഗികമായി പീഡിപ്പിച്ചത്. 

ഭര്‍ത്താവിനെതിരേ പരാതി നല്‍കാനായി മാര്‍ച്ച് രണ്ടാം തീയതി ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് യുവതി പോലീസ് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് എസ്.ഐ.യെ നേരിട്ടുകണ്ട് പരാതി നല്‍കി. 

ഇതിനുപിന്നാലെയാണ് പ്രശ്‌നത്തില്‍ സഹായിക്കാമെന്നും ചിലകാര്യങ്ങള്‍ സംസാരിക്കാമെന്നും പറഞ്ഞ് പോലീസ് സ്‌റ്റേഷനിലെ തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് എസ്.ഐ. യുവതിയെ കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം തന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ യുവതി വീണ്ടും പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴും എസ്.ഐ. പീഡിപ്പിക്കാന്‍ശ്രമിച്ചു. ഇതോടെ യുവതി മറ്റൊരു പോലീസ് ഉദ്യോഗസ്ഥനോട് വിവരം പറയുകയും തുടര്‍ന്ന് ആല്‍വാര്‍ എസ്.പിയ്ക്ക് പരാതി നല്‍കുകയുമായിരുന്നു. 

Content Highlights: alwar woman raped by sub inspector in police station