ആലുവ:  പോലീസിന്റെ സമയോചിതമായ ഇടപെടല്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു. ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനാണ് റൂറല്‍ പോലീസ് രക്ഷകരായത്. 

പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ യുവാവ് കുടംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം രാത്രി വീട് വിട്ടിറങ്ങുകയായിരുന്നു. യുവാവിന്റെ ഭാര്യ ഉടന്‍തന്നെ പോലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിവരമറിയിച്ചു. തുടര്‍ന്ന് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററില്‍ നിന്നും ആലുവ കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കൈമാറി. കണ്‍ടോള്‍ റൂമില്‍ നിന്നും യുവാവിനെ  മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. ഉടനെ ഇയാളുടെ ലൊക്കേഷന്‍ പരിശോധിച്ചതില്‍നിന്നും സ്ഥലം മാര്‍ത്താണ്ഡ വര്‍മ്മ പാലമാണെന്ന് മനസിലാക്കി. 

യുവാവ് നില്‍ക്കുന്ന സ്ഥലത്തെ ക്യാമറയില്‍ നിന്നുള്ള ദൃശ്യം കണ്‍ടോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള സംവിധാനത്തില്‍ കാണുകയും അത് പരിശോധിക്കുകയും ചെയ്തു. ഇതോടെ പോലീസ് സംഘം മഫ്തിയില്‍ അവിടേക്ക് കുതിച്ചു. ഈ സമയം കണ്‍ട്രോള്‍ റൂമിലുള്ള ഉദ്യോഗസ്ഥന്‍ യുവാവുമായി സംസാരം തുടര്‍ന്നുകൊണ്ടിരുന്നു. ഇതിനിടെ പാലത്തിനടുത്തെത്തിയ പോലീസ് സംഘം അല്‍പം അകലെ വാഹനം നിര്‍ത്തിയിട്ട ശേഷം തന്ത്രപൂര്‍വ്വം യുവാവിനെ സമീപിച്ച് ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ആലുവ സ്റ്റേഷനിലെത്തിച്ച യുവാവിനെ ആശ്വസിപ്പിച്ച് വീട്ടുകാരെ വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞയച്ചു. 

എസ്.ഐ കെ.കെ ബഷീര്‍, എസ്.സി.പി.ഒ മാരായ നസീബ്, എ.കെ.ജിജിമോന്‍., പ്രശാന്ത്.കെ.ദാമോദരന്‍ സി.പി.ഒ അരവിന്ദ് വിജയന്‍, സി.ഷിബു, കെ.എസ്.സഫീര്‍ എന്നിവരാണ് ഡൂട്ടിയില്‍ ഉണ്ടായിരുന്നത്. യുവാവിന്റെ ജീവന്‍ രക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി പ്രഖ്യാപിച്ചു.

Content Highlights: aluva rural police rescued youth from suicide