കൊച്ചി: ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത 70,900 രൂപയുടെ ഐഫോണ്‍-12-ന് പകരമെത്തിയത് പാത്രങ്ങൾ കഴുകാനുള്ള സോപ്പും അഞ്ചു രൂപയുടെ തുട്ടും. ആലുവ സ്വദേശിയായ നൂറുല്‍ അമീനാണ് ഐഫോണ്‍ പെട്ടിയില്‍ സോപ്പും നാണയവും കിട്ടിയത്. ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ ഫോണ്‍ അണ്‍ബോക്‌സ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഒക്ടോബര്‍ 12-നാണ് നൂറുല്‍ അമീന്‍ ഐഫോണ്‍-12 ക്രെഡിറ്റ് കാര്‍ഡ് വഴി ഇ.എം.ഐ. ആയി ആമസോണില്‍ ഓര്‍ഡര്‍ ചെയ്യുന്നത്. ആമസോണിന്റെ ട്രസ്റ്റഡ് സെല്ലറായ അപ്പാരിയോയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയത്. ഹൈദരാബാദില്‍ നിന്നും ഡെസ്പാച്ച് ആയ ഫോണ്‍ പിന്നീട് സേലത്തും ഒരു ദിവസം തങ്ങി. ഇതില്‍ സംശയം തോന്നിയതിനാലാണ് ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ പെട്ടി തുറന്നതെന്ന് നൂറുല്‍ അമീന്‍ പറയുന്നു.

'ആമസോണില്‍ നിന്ന് സ്ഥിരമായി സാധനങ്ങള്‍ വാങ്ങുന്നയാളാണ് ഞാന്‍. വിദേശത്താണ് ജോലി ചെയ്യുന്നത് എന്നതിനാല്‍ പിതാവിന്റെ അഡ്രസിലാണ് സാധനങ്ങള്‍ വാങ്ങാറ്. ഇപ്പോള്‍ അവധിക്കെത്തി നാട്ടിലുണ്ടെങ്കിലും ആമസോണിലെ ഡെലിവറി അഡ്രസ് അതുതന്നെയാണ്. 12-നാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍-12 ഓര്‍ഡര്‍ ചെയ്തത്. അന്നുതന്നെ ഫോണ്‍ ഡെസ്പാച്ച് ആവുകയും ചെയ്തു.'

iphone washing soap amazon

'സാധാരണ ഗതിയില്‍ തെലങ്കാനയില്‍ നിന്നും ഡെസ്പാച്ച് ചെയ്യുന്ന സാധനങ്ങള്‍ രണ്ടു ദിവസത്തിനകം കൊച്ചിയില്‍ എത്തേണ്ടതാണ്. എന്നാല്‍, മൂന്നു ദിവസത്തിനു ശേഷമാണ് ഫോണ്‍ കൊച്ചിയില്‍ എത്തിയത്. അടുത്തിടെ ഐഫോണിന് പകരം സോപ്പ് എത്തിയ വാര്‍ത്തയും കേട്ടിരുന്നു. വില കൂടിയ ഐറ്റം കൂടി ആയതിനാലാണ് ചതി പറ്റില്ലെന്ന് ഉറപ്പിക്കാന്‍ ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ വീഡിയോ എടുത്തത്. ഐഫോണിന്റെ പെട്ടിയുടെ പുറത്തുള്ള പ്ലാസ്റ്റിക് കോട്ടിങ് പൊട്ടിച്ച്  തുറന്നപ്പോള്‍ ഒരു പൊട്ടിക്കാത്ത വിം ബാറും പാതി കഷ്ണവും അഞ്ചു രൂപ തുട്ടുമാണ് അകത്തുണ്ടായിരുന്നത്. ഏകദേശം ഫോണിന്റെ തൂക്കത്തിനൊപ്പം വരുന്ന സാധനങ്ങള്‍ കുലുങ്ങാത്ത രീതിയിലായിരുന്നു അടുക്കിവെച്ചിരുന്നത്' -നൂറുല്‍ അമീന്‍ മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി.

അപ്പോള്‍ തന്നെ ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മറുപടി മെയില്‍ ലഭിച്ചിട്ടുണ്ടെന്നും നൂറുല്‍ അമീന്‍ കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച് പോലീസില്‍ പരാതിപ്പെടുമെന്നും ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെടുന്ന കാര്യം നിയമവിദഗ്ധരുമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: aluva native got washing soap and coin instead of iphone 12 from amazon