കൊച്ചി: കേരളത്തിലുൾപ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആക്രമണത്തിനു ലക്ഷ്യമിട്ട അൽഖായിദ സൂത്രധാരൻ പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് നസ്റാന സ്വദേശി അബ്ദുൾ മോമിൻ മണ്ഡൽ (32) ആണ് എൻ.ഐ.എ.യുടെ പിടിയിലായത്.

ഇയാളുൾപ്പെടെ പത്തിലേറെപ്പേരുടെ സംഘമാണ് കേരളവും പശ്ചിമബംഗാളും ഡൽഹിയുമടക്കമുള്ള സ്ഥലങ്ങളിൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതെന്നാണ് എൻ.ഐ.എ. കണ്ടെത്തൽ. സെപ്റ്റംബറിൽ രജിസ്റ്റർചെയ്ത കേസിൽ കൊച്ചിയിൽനിന്നുൾപ്പെടെ 11 പേർ പിടിയിലായിട്ടുണ്ട്.

കൊച്ചിയിൽ പെരുമ്പാവൂരിലും ഏലൂരിലും അതിഥിത്തൊഴിലാളികളായി കഴിഞ്ഞിരുന്ന മുർഷിദ് ഹസൻ, ഇയാകൂബ് ബിശ്വാസ്, മൊസറഫ് ഹൊസ്സെൻ എന്നിവരെ സെപ്റ്റംബർ 19-ന് മിന്നൽ പരിശോധനയിലൂടെ എൻ.ഐ.എ. അറസ്റ്റുചെയ്തിരുന്നു.

സംഘത്തിലെ ആറുപേരെ ബംഗാളിലെ മുർഷിദാബാദിൽനിന്ന് അന്ന് പിടിച്ചിരുന്നു. കേസിൽ പ്രധാന വഴിത്തിരിവുണ്ടായത് കഴിഞ്ഞദിവസം അബ്ദുൾ മോമിന്റെ അറസ്റ്റോടെയാണ്.

മുർഷിദാബാദിലെ റയ്പൂർ ദരൂർ ഹുദാ ഇസ്ലാമിയ മദ്രസയിൽ അധ്യാപകനായി കഴിഞ്ഞുവരുകയായിരുന്നു അബ്ദുൾ മോമിൻ.

ഒട്ടേറെ തീവ്രവാദ ഗൂഢാലോചനകളിൽ പങ്കാളിയായിട്ടുണ്ട്. പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുകയും തീവ്രവാദപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുകയും ചെയ്തിരുന്നു. ചില ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇയാളെ ഡൽഹിയിലേക്കു മാറ്റി.

Content Highlights:alqaeda activist arrested by nia