ആളൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍കൂടി പോലീസ് പിടിയിലായി. ഇതോടെ മൂന്നുദിവസംകൊണ്ട് അറസ്റ്റിലായവരുടെ എണ്ണം 13 ആയി. പൊരുന്നംകുന്ന് പ്ലാവിടവീട്ടില്‍ കുട്ടു എന്ന സുനീഷ് (34), പൊരുന്നംകുന്ന് വടക്കേപ്പറമ്പില്‍ വിഷ്ണു (25) എന്നിവരെയാണ് തൃശ്ശൂര്‍ റൂറല്‍ എസ്.പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.ആര്‍. രാജേഷ് അറസ്റ്റ് ചെയ്തത്.

പിടിയിലായ സുനീഷ് കൊടകര, ചാലക്കുടി, ആളൂര്‍ സ്റ്റേഷനുകളില്‍ അടിപിടിക്കേസുകളടക്കം അഞ്ച് കേസുകളില്‍ പ്രതിയാണ്. വിഷ്ണു കൊടകര സ്റ്റേഷനിലെ കൊലപാതകശ്രമക്കേസിലും പ്രതിയാണ്. പെണ്‍കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ഇരുവരും മറ്റൊരു പ്രതിയായ കരുമാടി അരുണും ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു. അരുണിനെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.

തമിഴ്നാട്ടിലായിരുന്ന സുനീഷിനെ ചാലക്കുടിയിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. വിഷ്ണുവിനെ ആളൂരില്‍നിന്ന് പിടികൂടി. കേസിലെ മറ്റു പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.

പ്രണയം നടിച്ച് പെണ്‍കുട്ടിയെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവെയ്ക്കുകയും ചെയ്ത വി.ആര്‍. പുരം സ്വദേശി ചെലാട്ടി എന്ന അരുണാണ് കേസിലെ ഒന്നാംപ്രതി. ആളൂര്‍ ഇന്‍സ്‌പെക്ടര്‍ എം.ബി. സിബിന്‍, എസ്.ഐ.മാരായ ടി.എന്‍. പ്രദീപന്‍, കെ.എം. സൈമണ്‍, എം.സി. രവി, ഇ.ആര്‍. സിജുമോന്‍, പി.ജെ. ഫ്രാന്‍സിസ്, സി.കെ. സന്തോഷ്, എം.കെ. ദാസന്‍, എ.എസ്.ഐ.മാരായ കെ.ടി. ജോഷി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ സനീഷ് ബാബു, സീനിയര്‍ സി.പി.ഒ.മാരായ, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്‍, എം.ജി. വിനോദ്കുമാര്‍, ധനലക്ഷ്മി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.